ബിജെപി മന്ത്രിയുടെ കാവിക്കൊടി പരാമര്‍ശം; രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് കോണ്‍ഗ്രസ്, സഭയില്‍ കിടന്നുറങ്ങി പ്രതിഷേധം

ബിജെപി മന്ത്രിയുടെ കാവിക്കൊടി പരാമര്‍ശം; രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് കോണ്‍ഗ്രസ്, സഭയില്‍ കിടന്നുറങ്ങി പ്രതിഷേധം

ഭാവിയില്‍ ത്രിവര്‍ണ പതാകയ്ക്ക് പകരം കാവിക്കൊടി വന്നേക്കാമെന്ന ബിജെപി മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ കിടന്നുറങ്ങി കോണ്‍ഗ്രസ്. കര്‍ണാടക മന്ത്രിയായ കെ.എസ് ഈശ്വരപ്പയുടെ പരാമര്‍ശത്തിലായിരുന്നു പ്രതിഷേധം.

മന്ത്രിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വ്യാഴാഴ്ച സഭയില്‍ പ്രതിഷേധിച്ചിരുന്നു. ദേശീയ പതാകയെ അപമാനിച്ച മന്ത്രിയെ പുറത്താക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഭരണഘടന തലവനായ ഗവര്‍ണര്‍ സര്‍ക്കാരിന് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ആര്‍.എസ്.എസ്സിന്റെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഈശ്വരപ്പക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡേ കഗേരി എന്നിവര്‍ പ്രതിപക്ഷവുമായി രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയെങ്കിലും സഭ വിട്ട് പോകാന്‍ പ്രതിപക്ഷം തയ്യാറായില്ല. രാത്രി സഭയില്‍ തുണി വിരിച്ച് കിടന്നുറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ചെങ്കോട്ടയില്‍ കാവിക്കൊടി ഉയര്‍ത്താനാകുമോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ വിവാദപരാമര്‍ശം. പ്രതിഷേധം തുടരുമ്പോഴും താന്‍ രാജി വെച്ച് ഒഴിയില്ലെന്നാണ് ഈശ്വരപ്പയുടെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in