അനിൽ ആന്റണിയെ തള്ളി കോൺഗ്രസ് നേതാക്കൾ

അനിൽ ആന്റണിയെ തള്ളി കോൺഗ്രസ് നേതാക്കൾ

അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തെ ശക്തമായ ഭാഷയിൽ എതിർത്തുകൊണ്ട് കോൺഗ്രസ് കേരളാ ഘടകം നേതാക്കൾ. മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്ത യൂദാസിന്റെ ദിവസമാണിന്ന്, ഇന്നത്തെ ദിവസം ഇങ്ങനെ പലതും സംഭവിക്കും. എ.കെ ആന്റണിയുടെ മകൻ എന്നതിനപ്പുറം അനിൽ ആന്റണി കോൺഗ്രസിന് ആരുമല്ല എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. അനിൽ ആന്റണി പോസ്റ്റർ ഒട്ടിച്ച് നടന്നിട്ടില്ല, സമരം നടത്തിയിട്ടില്ല, ജാഥാ നടത്തിയിട്ടില്ല, ഒന്നും ചെയ്തിട്ടില്ല. സുധാകരൻ പറഞ്ഞു.

മകന്റെ തീരുമാനം തെറ്റാണെന്നും, അവസാന നിമിഷം വരെ ബി.ജെ.പി യുടെയും ആർ എസ് എസ്സിന്റെയും വിനാശകരമായ നയങ്ങൾക്കെതിരെ പോരാടും എന്നും എ.കെ. ആന്റണി വാർത്ത സമ്മേളനം നടത്തി പറഞ്ഞു. എനിക്ക് എൺപത്തി രണ്ട് വയസായി, ഇനി എത്രകാലം ജീവിക്കുമെന്നറിയില്ല, പക്ഷെ എത്രനാൾ ജീവിച്ചാലും ഞാൻ മരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു പ്രവർത്തകനായിട്ടായിരിക്കും എന്നും ഇന്ദിരാഗാന്ധിയുടെ കുടുംബത്തോട് ആദരവായിരിക്കും എന്നും അദ്ദേഹം പറഞ്ഞു

വർഗ്ഗീയ, വിഭാഗീയ, ജനാധിപത്യവിരുദ്ധ സമീപനം കൊണ്ടു നടക്കുന്ന ഒരാളെ കോൺഗ്രസിന് പേറി നടക്കാനാകില്ല എന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. നരേന്ദ്ര മോദിയെ വിമർശിച്ചാൽ ഇന്ത്യയെ മുഴുവനായും വിമർശിച്ചതായി കരുതുന്ന ഒരാളെ കോൺഗ്രസിന്റെ ലേബലിൽ കൊണ്ട് നടക്കാൻ കഴിയില്ല. വിഭാഗീയ പ്രവണതയുള്ളവർ എത്തിച്ചേരേണ്ട സ്ഥലം ബി.ജെ.പി തന്നെയാണ് എന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അനിൽ ആന്റണിയുടെ തീരുമാനം അപക്വമാണ്. ബി.ജെ.പി യെ ശരിക്ക് അറിയാവുന്ന ആരും ബി.ജെ.പിയിൽ ചേരാൻ പോകില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തിൻറെ മതേതരത്വത്തെ തകർക്കുന്ന, ഭരണഘടനയെ ദുർബലമാക്കുന്ന നീക്കങ്ങൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം ശക്തിപ്പെടുത്തേണ്ട സമയമാണിത്. അനിൽ ആന്റണി ബി.ജെ.പി യിൽ ചേരുന്നതുകൊണ്ട് കേരളത്തിൽ ഒരു ചലനവും ഉണ്ടാകാൻ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന

അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. കോൺഗ്രസിനോ പോക്ഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ അനിൽ ആന്റണി ചെയ്തിട്ടില്ല. ഏൽപ്പിച്ച ചുമതല പോലും അനിൽ കൃത്യമായി നിർവഹിച്ചിരുന്നില്ല. അനിൽ ആന്റണി ബി.ജെ.പിയുടെ കെണിയിൽ വീഴുകയായിരുന്നു. ബി.ജെ.പി ബാന്ധവത്തിന് കാരണമായി തീർത്തും വിചിത്രമായ കാര്യങ്ങളാണ് അനിൽ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീർത്തും അപക്വമായ ഈ തീരുമാനത്തിൽ അനിൽ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരും.

എ.കെ.ആന്റണി എന്ന പിതാവിനോട് മകനെന്ന നിലയിൽ അനിൽ ആന്റണി കാണിച്ച നിന്ദയാണിത്. മരണം വരെ കോൺഗ്രസുകാരനും സംഘപരിവാർ വിരുദ്ധമായിരിക്കുമെന്ന് എ.കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. മകൻ ബി.ജെ.പിയിൽ ചേർന്നു എന്നതുകൊണ്ട് എ.കെ ആന്റണിയുടെ രാഷ്ട്രീയ സംശുദ്ധിക്കോ ആദർശ ധീരതയ്ക്കോ ഒരു കോട്ടവും ഉണ്ടാകില്ല.

Related Stories

No stories found.
logo
The Cue
www.thecue.in