ശ്രീറാം വെങ്കിട്ടരാമന്‍ കളങ്കിതനായ വ്യക്തി; ആലപ്പുഴ കളക്ടറായുള്ള നിയമനം അംഗീകരിക്കാനാകില്ല; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ശ്രീറാം വെങ്കിട്ടരാമന്‍ കളങ്കിതനായ വ്യക്തി; ആലപ്പുഴ കളക്ടറായുള്ള നിയമനം അംഗീകരിക്കാനാകില്ല; പ്രതിഷേധവുമായി കോണ്‍ഗ്രസ്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാകില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ പറഞ്ഞു.

ഈ നിയമനം എന്ത് താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും പിന്‍വലിക്കണമെന്നും ഷുക്കൂര്‍ ആവശ്യപ്പെട്ടു.

ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറി നില്‍ക്കുന്നുണ്ട്. ഈ നിയമനം എന്ത് താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും പിന്‍വലിക്കണം. സമരത്തിലേക്ക് പോകണോ എന്ന് പാര്‍ട്ടി തലത്തില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ഷുക്കൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിലവില്‍ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. ശ്രീറാം വെങ്കിട്ടരാമനെതിരെ എല്‍.ജെ.ഡി നേതാവ് സലീം മടവൂരും രംഗത്തെത്തി. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കളക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നെന്നാണ് സലിം മടവൂരിന്റെ പ്രതികരണം.

'അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാലും ഈ കൈകള്‍ മധുരതരമാകില്ല' (ലേഡി മാക്ബത്ത്). ശ്രീറാം വെങ്കട്ടറാമിന് കൊടുക്കാന്‍ പറ്റിയ കസേരകള്‍ കേരളത്തില്‍ വേറെ ധാരാളമുണ്ട്. ചുരുങ്ങിയത് ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ഇവനെ ജില്ലാ കലക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നു, എന്നാണ് സലിം മടവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. നിലവില്‍ ആലപ്പുഴ കളക്ടറായിരുന്നു രേണു രാജ്. തിരുവനന്തപുരത്ത് ജെറോമിക് ജോര്‍ജ്ജ് കളക്ടറാവും.

എറണാകുളം ജില്ലാ കളക്ടറായിരുന്ന ജാഫര്‍ മാലിക് പി.ആര്‍.ഡി ഡയറക്ടറാവും. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.

തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍ എംഡിയുടെ ചുമതലയും നവജ്യോത് ഖോസയ്ക്കാണ്.

Related Stories

No stories found.
logo
The Cue
www.thecue.in