ഉന്നാവോ: പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍

ഉന്നാവോ: പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍

വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ നിലയില്‍ നേരിയ പുരോഗതിയെന്ന് ഉത്തര്‍പ്രദേശിലെ ആശുപത്രി അധികൃതര്‍. വെന്റിലേറ്ററിന്റെ സഹായത്തിലാണെന്നും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമായിരുന്നു രാവിലെ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലുണ്ടായിരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ വെന്റിലേറ്റര്‍ ഒരു തവണ മാറ്റിയെന്നും വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിയുമെന്നും ട്രോമ കെയര്‍ മേധാവി സന്ദീപ് തിവാരി അറിയിച്ചിരിക്കുന്നത്.

വാഹനാപകടം അന്വേഷിക്കുന്ന സിബിഐ സംഘം ആശുപത്രിയിലെത്തി മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊഴി സംഘം രേഖപ്പെടുത്തി. അന്വേഷണം ഏഴ് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ട്.

ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അമ്മ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ആശങ്കയറിയിച്ചിരുന്നു. കുടുംബവുമായി സംസാരിച്ച് പെണ്‍കുട്ടിയെ ദില്ലിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതിയും നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നിരുന്നു. മാറ്റുന്നതിനുള്ള സാമ്പത്തിക ചിലവ് താങ്ങാന്‍ തങ്ങള്‍ക്കാവില്ലെന്നും സര്‍ക്കാര്‍ സഹായിക്കണമെന്നും കുടുംബം നേരത്തെ അറിയിച്ചിരുന്നു. പെണ്‍കുട്ടിക്ക് കേന്ദ്ര സേന സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ലോറിയിടച്ചത്. പരാതിക്കാരിയായ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. യുവതിയുടെ അമ്മായിയും സഹോദരിയും മരിച്ചു. റായ്ബറേലി ജില്ലാ ജയിലിലുള്ള യുവതിയുടെ അമ്മാവനെ കാണാന്‍ പോകുന്നവഴിയാണ് അപകടമുണ്ടായത്.

സംഭവത്തില്‍ എംഎല്‍എ കുല്‍ദീപ് സിങ്ങ് സെന്‍ഗാറും സഹോദരന്‍ മനോജ് സിംഗ് സെന്‍ഗാര്‍, എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സംഭവത്തില്‍ പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തില്‍ യു പി സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടിരുന്നു. 2017ല്‍ ജോലി തേടി ബന്ധുവിനൊപ്പം വീട്ടിലെത്തിയ പെണ്‍കുട്ടിയെ എംഎല്‍എ പീഡിപ്പിച്ചെന്നാണ് കേസ്.

Related Stories

No stories found.
logo
The Cue
www.thecue.in