വിഡി സതീശന്‍ പോരെന്ന് ഹൈക്കമാന്‍ഡിന് പരാതി; സഭ അടിച്ചുപൊളിക്കലല്ല ശക്തമായ പ്രവര്‍ത്തനമെന്ന് വിഡി

വിഡി സതീശന്‍ പോരെന്ന് ഹൈക്കമാന്‍ഡിന് പരാതി; സഭ അടിച്ചുപൊളിക്കലല്ല ശക്തമായ പ്രവര്‍ത്തനമെന്ന് വിഡി
Published on

കൊച്ചി: സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് വിഡി സതീശന് മൃദുസമീപനമാണെന്ന പരാതിയുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത്. ഗ്രൂപ്പുമാനേജര്‍മാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിന് പരാതി സമര്‍പ്പിച്ചു.

സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപോരെന്നാണ് ആക്ഷേപം. ആദ്യമാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിപക്ഷം പരാജയമാണെന്നാണ് ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

അതേസമയം പരാതിയോട് പ്രതികരിച്ച് വിഡി സതീശന്‍ രംഗത്തെത്തി. നിയമസഭയില്‍ എല്ലാ ദിവസവും ബഹളമുണ്ടാക്കുന്നില്ലെന്നും ഇറങ്ങിപ്പോകുന്നില്ലെന്നും ശരിയാണ്. പക്ഷേ സര്‍ക്കാരിനോട് മൃദുസമീപനമാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് തനിക്ക് അറിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം നല്ല നിലയ്ക്കാണ് പോകുന്നതെന്നും ഇങ്ങനെ തുടര്‍ന്നാല്‍ മതിയെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശന്‍ പ്രതികരിച്ചു. നിയമസഭ അടിച്ചുപൊളിക്കുന്നതല്ല ശക്തമായ പ്രവര്‍ത്തനമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാവുന്ന വിഷയങ്ങളിലൊന്നും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. മുട്ടില്‍ മരം മുറി കേസിലെ ഇടപെടലിനെതിരെയും വിമര്‍ശനമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in