'സിപിഎം പ്രാദേശിക നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചു' ; ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്

'സിപിഎം പ്രാദേശിക നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചു' ; ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്

തിരുവനന്തപുരം ചെങ്കലില്‍ ഓഫീസ് നിര്‍മ്മാണത്തിനായി സിപിഎം വാങ്ങിയ സ്ഥലത്തെ ഒറ്റമുറി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആശാ വര്‍ക്കറുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. സിപിഎം പ്രാദേശിക നേതാക്കളുടെ മാനസിക പീഡനം താങ്ങാനാകാതെയാണ് ജീവനൊടുക്കുന്നതെന്നാണ് 41 കാരി ആശയുടെ കുറിപ്പിലുള്ളത്. ഇവരുടെ വീടിന് സമീപത്തെ കെട്ടിടത്തിലാണ് 41 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ട്ടി കമ്മിറ്റിയില്‍ പങ്കെടുക്കാനെന്നുപറഞ്ഞ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ഇവര്‍ പുറത്തുപോവുയായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കാണ്‍മാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് സമീപത്തെ ഒറ്റമുറി കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്കല്‍ പഞ്ചായത്തിലെ ആശാവര്‍ക്കറും കുടുംബശ്രീ പ്രവര്‍ത്തകയുമായിരുന്നു ആശ.

ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്

പാര്‍ട്ടി ചെങ്കല്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരായ കൊറ്റാമം രാജന്‍, അലത്തറവിളാകം ജോയി എന്നിവരുടെ മാനസികമായ പീഡനം സഹിക്കാനാവാതെയാണ് ഞാന്‍ ഈ കടുംകൈ ചെയ്യുന്നത്. എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു കൊറ്റാമം രാജന്‍. പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും എടുത്തില്ല. എല്ലാം ചെങ്കലിലെ നേതാക്കള്‍ക്ക് അറിയാം.

ആശ സജീവ സിപിഎം പ്രവര്‍ത്തകയായിരുന്നുവെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ മനംനൊന്താണ് ആത്മഹത്യയെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം സിപിഎം തള്ളി. പാര്‍ട്ടിയുടെ അനുഭാവി എന്നല്ലാതെ ആശ ഒരു ഘടകത്തിലും പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു വിശദീകരണം. കഴിഞ്ഞ ദിവസം ആശയെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു കമ്മിറ്റിയും ചേര്‍ന്നിട്ടില്ലെന്നുമാണ് സിപിഎം പ്രാദേശിക ഘടകം പ്രതികരിച്ചത്. ഏതെങ്കിലും തരത്തില്‍ ആശയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സംഭവമുണ്ടായിട്ടില്ലെന്നും സിപിഎം പറയുന്നു.

അതേസമയം സംഭവസ്ഥലത്തെത്തിയ പൊലീസുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും തടഞ്ഞിരുന്നു. ആര്‍ഡിഒ എത്തിയ ശേഷമേ ഇന്‍ക്വസ്റ്റ് നടത്താവൂ എന്നാവശ്യപ്പെട്ടായിരുന്നു ഇത്. ആവശ്യം അംഗീകരിച്ച് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാര്‍ വ്യക്തമാക്കി. അഴകിക്കോണം പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ ഭാര്യയാണ് ആശ. അരുണ്‍കൃഷ്ണ, ശ്രീകാന്ത് എന്നിവരാണ് മക്കള്‍. പ്രാദേശിക സിപിഎം നേതാക്കളാണ് ആശയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉദിയന്‍കുളങ്ങര പാറശ്ശാല റോഡ് ഉപരോധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in