വാക്‌സിന്‍ ചലഞ്ചായി ദുരിതാശ്വാസ നിധിയില്‍ അരക്കോടിക്ക് മുകളില്‍, മോദിയുടെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധം

'#VaccineChallenge' in Kerala
'#VaccineChallenge' in Kerala

സംസ്ഥാനത്ത് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്തുണയറിയിച്ചും, കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ പ്രതിഷേധമറിയിച്ചും സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍. വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നത് മൂലം സംസ്ഥാനത്തിനുണ്ടാകുന്ന കടബാധ്യത മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ തുകയും കൂടുതല്‍ പേര്‍ക്ക് വാക്‌സിനുള്ള തുകയും സംഭാവനയായി നല്‍കുന്നതാണ് കാമ്പയിന്‍.

രണ്ട് ദിവസം കൊണ്ട് 51 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. രണ്ട് ഡോസ് വാക്‌സിന്‍ തുകയായ 800 രൂപ സംഭാവന ചെയ്യണമെന്ന നിലക്ക് തുടങ്ങിയ കാമ്പയിന്‍ വ്യാപകമായി പങ്കാളിത്തമുണ്ട്. വാക്സിന്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും വാക്സിന്‍ വിതരണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വാങ്ങുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വാക്സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയില്‍ ഇട്ട നരേന്ദ്രമോഡി സര്‍ക്കാരിനോടുള്ള പ്രതിഷേധമാണ് ചലഞ്ച് എന്ന് പങ്കാളികളായവര്‍ എഴുതുന്നു.

കേരളത്തില്‍ ഇന്നലെ 26,995 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ പ്രതിദിന കൊവിഡ്-19 രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 2263 പേര്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു. 1,93,279 പേര്‍ കൊവിഡ് മുക്തരായി.

കേരളത്തെ കൂടാതെ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, അസം, ഛത്തീസ്ഗണ്ഡ്, ഗോവ, സിക്കിം, ബംഗാള്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in