
രാജ്യ താത്പര്യത്തിനെതിരായി വരുന്ന ഒരു ശക്തിക്ക് മുന്നിലും കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് പിപ്പിടി കാണിച്ചാലും ഇങ്ങോട്ട് ഏശില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് കെ.ജി.ഒ.എയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭിന്നത വളര്‍ത്താന്‍ എന്തും വിളിച്ച് പറയാം എന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ലൈസന്‍സില്ലാത്ത എന്തും വിളിച്ച് പറഞ്ഞാല്‍ അതിനെന്തായിരിക്കും ഗതിയെന്ന് അടുത്ത കാലത്ത് കണ്ടു. വലിയ തോതില്‍ ഭിന്നത വളര്‍ത്തിക്കളയാം, അതിന് പറ്റുന്ന എന്തും വിളിച്ച് പറയാം എന്ന് ആരെങ്കിലും കരുതിയാല്‍ അവരുടെ പിന്നില്‍ ഏത് കൊലകൊമ്പന്‍ അണി നിരന്നാലും ശക്തമായ നടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഭൂരിപക്ഷ വര്‍ഗീയതയുടെ ആള്‍രൂപങ്ങള്‍ എന്തും വിളിച്ചുപറയാം എന്ന സ്ഥിതി എന്ന സംസ്‌കാരം രാജ്യത്ത് വര്‍ഗീയ ശക്തികള്‍ വളര്‍ത്തിക്കൊണ്ട് വരുന്നു. നടപടിയെടുക്കാത്തത് കൊണ്ടാണ് അത് സംഭവിക്കുന്നതെന്നും കേരളത്തില്‍ പക്ഷെ അത് സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷമാണ് വര്‍ഗീയതയെ ചെറുക്കാന്‍ മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതയെ എതിര്‍ക്കാന്‍ കേരളത്തില്‍ ഇടതുപക്ഷമുണ്ട്, കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ പറ്റില്ലെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
ഈ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില് എന്തും വിളിച്ചു പറയാവുന്ന അവസ്ഥ ഒരു കൂട്ടര്‍ ഉണ്ടാക്കിയിരിക്കുന്നു. അതാണ് രാജ്യമാകെ അപമാനിതമാകുന്ന, ലോകം കടുത്ത രീതിയില്‍ ആക്ഷേപിക്കുന്ന പ്രവാചക നിന്ദയിലേക്ക് എത്തിച്ചത്.
ഭൂരിപക്ഷ വര്‍ഗീയതയുടെ ആള്‍രൂപങ്ങള്‍ എന്തും വിളിച്ചുപറയാം എന്ന സ്ഥിതി രാജ്യത്ത് വളര്‍ത്തിക്കൊണ്ട് വരുന്നു.
രാജ്യ താത്പര്യത്തെ അപകടപ്പെടുത്തുമാറുള്ള നിലപാടിലേക്ക് പ്രവാചക നിന്ദയിലേക്ക് എത്തിക്കുന്ന സ്ഥിതി എന്തുകൊണ്ട് വന്നു? അത്തരം കാര്യങ്ങള്‍ക്കൊന്നും നടപടിയില്ലാത്തതുകൊണ്ടാണ്.
നമ്മുടെ നാട്ടില്‍ പക്ഷെ ലൈസന്‍സില്ലാത്ത എന്തും വിളിച്ച് പറഞ്ഞാല്‍ അതിനെന്തായിരിക്കും ഗതിയെന്ന് നമ്മള്‍ അടുത്ത കാലത്ത് കണ്ടു. വിരട്ടാനൊക്കെ നോക്കി. അതൊക്കെ വേറെ കയ്യില്‍ വെച്ചാല്‍ മതി. അതൊന്നും ഇങ്ങോട്ട് വെക്കണ്ട. ഈ നാട് ആഗ്രഹിക്കുന്ന രീതിയുണ്ട്. അത് മാറ്റി വലിയ തോതില്‍ ഭിന്നത വളര്‍ത്തിക്കളയാം, അതിന് പറ്റുന്ന എന്തും വിളിച്ച് പറയാം എന്ന് ആരെങ്കിലും കരുതിയാല്‍ അവരുടെ പിന്നില്‍ ഏത് കൊലകൊമ്പന്‍ അണി നിരന്നാലും ശക്തമായ നടപടി എടുക്കും.
ഇതാണ് ജനം ആഗ്രഹിക്കുന്നത്. അത് മറക്കരുത്. നാടിന്റെ പ്രത്യേകത സംരക്ഷിച്ച് പോകാന്‍ സാധിക്കണം.