പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി; പാർട്ടി സർവ്വീസ് കമ്മീഷനാക്കരുതെന്ന് ഷാഫി പറമ്പിൽ

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി; പാർട്ടി സർവ്വീസ് കമ്മീഷനാക്കരുതെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: പി.എസ്‌.സി റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്‌, മറ്റന്നാള്‍ അവസാനിക്കുന്ന റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി മൂന്ന്‌ വര്‍ഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലാവധി മുന്ന്‌ വര്‍ഷം കഴിഞ്ഞാല്‍ നീട്ടുന്നതിന്‌ പരിമിതിയുണ്ട്‌. അതിന്‌ അസാധാരണ സാഹചര്യം വേണം. അല്ലെങ്കില്‍ ഒഴിവ്‌ റിപ്പോര്‍ട്ട്‌ ചെയ്യാതിരിക്കണം. അതുരണ്ടും ഇപ്പോള്‍ ഇവിടെയില്ല. ഇക്കാര്യങ്ങളൊന്നും സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യേണ്ടതില്ല എ്‌ന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്‌.

പി.എസ്‌.സിയെ കരുവന്നൂര്‍ സഹകരണബാങ്കിന്റെ നിലവാരത്തിലേക്ക്‌ താഴ്‌ത്തരുതെന്നും അതിനെ പാര്‍ട്ടി സര്‍വ്വീസ്‌ കമ്മീഷനാക്കരുതെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളോട്‌ സര്‍,ക്കാര്‍ പ്രതികാര നടപടി എടുക്കുകയാണെന്നും ഷാഫി ആരോപിച്ചു.

ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി...

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിതനയം. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ട്.

റിക്രൂട്ട്‌മെന്റ്, പിഎസ്‌സി പരീക്ഷ നടത്തിപ്പ്, റാങ്ക്‌ലിസ്റ്റ് തയ്യാറാക്കല്‍, റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി, ഉദ്യോഗാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യല്‍ തുടങ്ങിയവ പി.എസ്.സി.യുടെ ഭരണഘടനാദത്തമായ അധികാര പരിധിയിലാണ്. ഇക്കാര്യങ്ങള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ റൂള്‍സ് ഓഫ് പ്രൊസിജ്യുറിലാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതില്‍ ചട്ടം 13 ആണ് പി.എസ്.സി. റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി പരാമര്‍ശിക്കുന്നത്.
സാധാരണ ഗതിയില്‍ ഒരു പി.എസ്.സി. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. ഒരു വര്‍ഷത്തിനിടയില്‍ പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ടില്ലെങ്കില്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയോ, മൂന്നു വര്‍ഷമോ ഏതാണോ ആദ്യം അതുവരെ റാങ്ക്‌ലിസ്റ്റിന് കാലാവധിയുണ്ടാവും. ഈ വ്യവസ്ഥ യൂണിഫോമ്ഡ് ഫോര്‍സിന് ബാധകമല്ല. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന എല്ലാ റാങ്കുലിസ്റ്റുകളും മൂന്നു വര്‍ഷത്തെ കാലാവധി കഴിഞ്ഞവയാണ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശിപാര്‍ശ നല്‍കുന്നതിനെയും ഇത് ബാധിക്കുന്നില്ല. കോവിഡ് സാഹചര്യത്തില്‍ ഒഴിവുകള്‍ ഉണ്ടാകുന്ന കാര്യത്തിലോ, ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിലോ ഒരു തടസ്സവും ഉണ്ടായിട്ടില്ല. മാത്രവുമല്ല, ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 05.02.2021നും 03.08.2021-നുമിടയില്‍ കാലാവധി പൂര്‍ത്തിയാകുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുമുണ്ട്.

ചട്ടം 13 പ്രകാരം റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി മൂന്നു വര്‍ഷത്തിലധികം നീട്ടുന്നതിന് ചില നിബന്ധനകളുണ്ട്:
1) നിയമനനിരോധനം നിലവിലുണ്ടായിരിക്കുക.
2) ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയമനാധികാരികള്‍ക്ക് നിയന്ത്രണമോ കാലതാമസമോ തടസ്സമോ ഉണ്ടായിരുന്ന അസാധാരണ സാഹചര്യം.

ഇത്തരം സാഹചര്യങ്ങളില്‍ മാത്രമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ പി.എസ്.സി.യോട് ശുപാര്‍ശ ചെയ്യാറുള്ളത്. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തോ ഈ സര്‍ക്കാരിന്റെ കാലത്തോ പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന നിയമനാധികാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ എടുത്ത നിലപാട്. അതിനാല്‍ റാങ്ക് ലിസ്റ്റുകള്‍ വീണ്ടും നീട്ടാനുള്ള സാഹചര്യം ഇപ്പോള്‍ നിലവിലില്ല.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4-ന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന വകുപ്പു മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും.

സീനിയോറിറ്റി തര്‍ക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം, കോടതി കേസുകള്‍ എന്നിവ മൂലം റെഗുലര്‍ പ്രൊമോഷനുകള്‍ തടസ്സപ്പെട്ട് എന്‍ട്രി കേഡറില്‍ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത കേസുകള്‍ കണ്ടെത്തി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ സീനിയോറിറ്റി തര്‍ക്കം നിലനില്‍ക്കുന്ന കേസുകളില്‍ റെഗുലര്‍ പ്രൊമോഷന്‍ സ്റ്റേ ചെയ്തുകൊണ്ട് കോടതി/ട്രിബ്യൂണലില്‍ നിന്നും ഇടക്കാല ഉത്തരവുകള്‍ നല്‍കിയിട്ടുള്ള കേസുകളില്‍ താല്‍ക്കാലിക പ്രൊമോഷന്‍ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു തസ്തികയില്‍ പ്രൊമോഷന്‍ അനുവദിക്കുന്നതിന് ഒഴിവുകള്‍ നിലനില്‍ക്കുകയും എന്നാല്‍ പ്രൊമോഷന്‍ നല്‍കുന്നതിന് അര്‍ഹത/ യോഗ്യതയുള്ളവരുടെ അഭാവം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രസ്തുത തസ്തികകള്‍ എന്‍ട്രി കേഡറിലേക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി, ആ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ട ചുമതലയില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതി 13.02.2021-ല്‍ രൂപീകരിച്ചിരുന്നു.

നിയമനങ്ങള്‍ പരമാവധി പി.എസ്.സി മുഖേന നടത്തണമെന്നതാണ് സര്‍ക്കാരിന്റെ നയം. കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പി.എസ്.സി പരീക്ഷകളും ഇന്റര്‍വ്യൂകളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാന്‍ പി.എസ്.സി നടപടി സ്വീകരിക്കുന്നതാണ്.

നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്യുക എന്നുള്ളത് സര്‍ക്കാരിന്റെ നയമല്ല. റാങ്ക് ലിസ്റ്റുകളില്‍ നിന്നും മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ല. റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് ഉണ്ടാകുന്ന എല്ലാ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in