വര്‍ഗ്ഗീയ ശക്തികളെ ഒഴിവാക്കുന്ന പ്രതിപക്ഷ യുക്തി മനസിലാകുന്നില്ല; ചാവശ്ശേരി സ്‌ഫോടനത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

ചാവശ്ശേരി കാശിമുക്കിനു സമീപമുള്ള ഒരു വീട്ടില്‍ നടന്ന സ്ഫോടനത്തില്‍ അസം സ്വദേശികള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷം സഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.

വിഷയദാരിദ്ര്യമാണ് ഈ പ്രമേയ നോട്ടീസിന് കാരണം. ഒരു ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായി. അതില്‍ കൃത്യമായ അന്വേഷണം നടക്കും. അതിന്റെ മറ പിടിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് ഈ സഭയില്‍ ഉന്നയിക്കാനാണ് അവതാരകന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ഇവിടെ പ്രമേയാവതാരകന്‍ സി.പി.ഐ.എമ്മിനെ വലിച്ചിഴച്ചത് തികഞ്ഞ രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തോടെയാണ്. യു.ഡി.എഫും എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് പോലെയുള്ള സംഘടനകളും തമ്മിലുള്ള വോട്ട് കൈമാറ്റത്തെക്കുറിച്ചും രാഷ്ട്രീയ ധാരണകളെക്കുറിച്ചും ഒട്ടേറെ വെളിപ്പെടുത്തലുകള്‍ വന്ന ഘട്ടമാണിത്. അത് മറച്ചുവച്ച് തങ്ങള്‍ക്ക് കഴിഞ്ഞ കാലത്ത് വോട്ടുചെയ്ത ഇത്തരക്കാരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇവിടെ പ്രമേയാവതാരകനില്‍ കണ്ടതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ 8 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. അതില്‍ നാലെണ്ണം ആര്‍.എസ്.എസുകാര്‍ ചെയ്തതാണ്. മൂന്നെണ്ണം എസ്.ഡി.പി.ഐക്കാര്‍. ഒരെണ്ണം നിങ്ങളും. കൊല്ലപ്പെട്ടതില്‍ നാലു പേര്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണ്. ഈ നാടിന്റെ പുരോഗമന, മത നിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിച്ചവരാണെന്നും മുഖ്യമന്ത്രി.

സി.പി.ഐ.എമ്മിന്റെ പ്രവര്‍ത്തകരോ, അവരുടെ ബന്ധുക്കളോ, പിഞ്ചുകുഞ്ഞുളോ പോലും ആക്രമിക്കപ്പെട്ടപ്പോള്‍ ഒരക്ഷരം ഉരിയാടാത്തവരാണ് പ്രതിപക്ഷ നിരയിലുള്ളവരെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഡി.സി.സി ഓഫീസില്‍ മൂന്നു തരം ബോംബ് നിര്‍മ്മിക്കുന്നുവെന്ന് മാധ്യമങ്ങളെ അറിയിക്കുക മാത്രമല്ല, അത് പ്രദര്‍ശിപ്പിക്കുകയും അതിന്റെ ശക്തിയെക്കുറിച്ച് പറഞ്ഞവരുമല്ലേ നിങ്ങള്‍? കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ ബോംബ് പ്രദര്‍ശിപ്പിച്ചത് ആരെന്നത് സണ്ണി ജോസഫിനോട് ഞാന്‍ പറയേണ്ടതില്ലല്ലോ? ബോംബിന്റെ പൈതൃകം നിങ്ങളുടെ തലയില്‍ തന്നെയാണ്. ആ കോണ്‍ഗ്രസ് ഇന്ന് അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചുള്ള കഥകളില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ അടിസ്ഥാനരഹിതമായ കഥകള്‍ ചമയ്ക്കുന്നത് എത്രമാത്രം അപഹാസ്യമാണെന്ന് യുഡിഎഫ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in