പ്രതിഫലത്തിനെ 'മാസപ്പടി'യെന്ന് പറയുന്നത് പ്രത്യേക മനോനില; വേട്ടയാടലിന്റെ മറ്റൊരു രൂപം: മുഖ്യമന്ത്രി

പ്രതിഫലത്തിനെ 'മാസപ്പടി'യെന്ന് പറയുന്നത് പ്രത്യേക മനോനില; വേട്ടയാടലിന്റെ മറ്റൊരു രൂപം: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ഉയർന്ന മാസപ്പടി വിവാദത്തിൽ ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ വിശദീകരണം. സഭയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നതിനെ 'മാസപ്പടി' എന്ന പേരിട്ടാണ് ചില മാധ്യമങ്ങള്‍ പ്രചരണം നടത്തുന്നത്. അതൊരു ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്. അദ്ദേഹം പറഞ്ഞു.

ഒരു സംരംഭക, അവര്‍ ഒരു രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താല്‍ കരാറില്‍ ഏര്‍പ്പെടുകയോ, ബിസിനസ്സ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോ? ഇവിടെ കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും ഒരു പൊതുസേവകന്‍ എന്തെങ്കിലും ഒരു വഴിവിട്ട സഹായം ചെയ്യുകയോ, നിയമപരമായി നിറവേറ്റേണ്ട ഒരു ബാധ്യതയില്‍ വീഴ്ചവരുത്തുകയോ ചെയ്തതായി ഒരു ചുണ്ടനക്കം പരിശോധന നടത്തിയ ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലോ ഇന്ററിം സെറ്റില്‍മെന്റ് ഓര്‍ഡറിലോ ഉള്ളതായി പറയാന്‍ കഴിയുമോ?. മുഖ്യമന്ത്രി ചോദിച്ചു.

എക്‌സാലോജിക് കമ്പനി അതിന്റെ ബിസിനസ്സിന്റെ ഭാഗമായി പല സ്ഥാപനങ്ങളുമായും സോഫ്റ്റ്‌വെയര്‍ ഡവലപ്പ്‌മെന്റ് ബിസിനസ്സ് നടത്തിയിട്ടുണ്ട്. അതിലൊന്നാണ് സിഎംആര്‍എല്‍. സിഎംആര്‍എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്‌സാലോജിക്കിന് പ്രതിഫലം ലഭിച്ചിട്ടുള്ളത്. ഇത് സ്രോതസ്സില്‍ ആദായനികുതി കിഴിച്ചും ജിഎസ്ടി അടച്ചുമാണ് നല്‍കിയിട്ടുള്ളത്. എക്‌സാലോജിക് കമ്പനിയുടെ ആദായനികുതി റിട്ടേണില്‍ ഇത് വെളിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് മനസ്സിലാക്കുന്നത്. മറിച്ച് പരിശോധനയിലോ അന്വേഷണത്തിലോ കണ്ടെത്തിയ വസ്തുതയല്ല ഇത്.

സിഎംആര്‍എല്‍ സര്‍ക്കാരിന് പങ്കുള്ള കമ്പനിയെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. കെഎസ്ഐഡിസിക്ക് സിഎംആര്‍എല്ലില്‍ ഓഹരിയുള്ളതിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രചരണം. കെഎസ്ഐഡിസിക്ക് സിഎംആര്‍എല്ലില്‍ മാത്രമല്ല, നാല്‍പ്പതോളം കമ്പനികളില്‍ ഓഹരിയുണ്ട്. സിഎംആര്‍എല്ലില്‍ കെഎസ്ഐഡിസി ഓഹരിനിക്ഷേപം നടത്തിയത് 32 വര്‍ഷങ്ങള്‍ക്കുമുമ്പ് 1991 ലാണ്. അന്ന് താനോ ഇന്നത്തെ മന്ത്രിസഭയിലെ അംഗങ്ങളോ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗങ്ങളായിരുന്നില്ല. സിഎംആര്‍എല്ലിന്റെ നയപരമായ കാര്യങ്ങളില്‍ കെഎസ്ഐ ഡിസിക്ക് യാതൊരു പങ്കുമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

സേവനം നൽകാതെയാണ് പണം നൽകിയത് എന്ന ആരോപണത്തെയും മുഖ്യമന്ത്രി നിഷേധിച്ചു. 'സേവനം ലഭ്യമാക്കിയില്ല എന്ന് സിഎംആര്‍എല്‍ കമ്പനിക്ക് പരാതിയില്ല. പരിശോധനയുടെ ഭാഗമായി ഇതിനെപ്പറ്റി അറിയില്ലായെന്ന് പറഞ്ഞ ഒരു പ്രസ്താവന പിന്നീട് തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേള്‍ക്കാതെയും, അവര്‍ക്ക് ആരോപണമുന്നയിക്കാന്‍ അടിസ്ഥാനമാക്കുന്ന പിന്‍വലിക്കപ്പെട്ട സത്യപ്രസ്താവനയുടെ പകര്‍പ്പ് നല്‍കാതെയും ആരോപണം ഉന്നയിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങളിപ്പോള്‍ ചിലരുടെ കാര്യത്തില്‍ പറയുന്ന വേട്ടയാടലിന്റെ മറ്റൊരു രൂപം തന്നെയാണ്.'

രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴച്ചുകൊണ്ട് തുടരെ നടത്തുന്ന അപവാദ പ്രചരണങ്ങളുടെ ഒരു ആവര്‍ത്തനം കൂടിയാണ് പ്രതിപക്ഷ ആരോപണം എന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in