കേരളം മുന്നോട്ട് പോകരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഗവര്‍ണര്‍ ഊര്‍ജം പകരരുത്; മുഖ്യമന്ത്രി പറഞ്ഞത്, പൂര്‍ണരൂപം

കേരളം മുന്നോട്ട് പോകരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഗവര്‍ണര്‍ ഊര്‍ജം പകരരുത്;  മുഖ്യമന്ത്രി പറഞ്ഞത്, പൂര്‍ണരൂപം

ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണ കാര്യത്തില്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അഭിപ്രായം എന്താണെന്ന് മനസിലാക്കാത്ത ആളല്ല ഗവര്‍ണര്‍. ഉന്നത വിദ്യാഭ്യാസ മേഖല ഇന്നുള്ളതില്‍ നിന്ന് മുന്നോട്ട് പോകണം എന്ന കാര്യത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായം തന്നെയാണ്. ഉന്നത വിദ്യാഭ്യാസ മേഖല എല്ലാ തികഞ്ഞും ഇനിയൊന്നും അവിടെ ചെയ്യേണ്ടതില്ല എന്ന അഭിപ്രായം സര്‍ക്കാരിനില്ല.

എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞത് വിജ്ഞാന സമ്പദ്ഘടനയായുള്ള പരിവര്‍ത്തനത്തിന് ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടു പോകാനാകണമെന്നാണ്. എല്ലാവര്‍ക്കും ഡിജിറ്റല്‍ സൗകര്യം ലഭ്യമാക്കണം. വിജ്ഞാനത്തെ നൂതന വിദ്യകളായി രൂപപ്പെടുത്തണം... കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയക്ക് ഒട്ടേറെ കുറവുകളുണ്ട്, ദൗര്‍ബല്യമുണ്ട് എന്നത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ ജനങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ട്.

നേരത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കലാനുസൃതമായ പുരോഗതിയുണ്ടായിരുന്നില്ല. പൊതുവിദ്യാഭ്യാസ മേഖലയുടെ പശ്ചാത്തല സൗകര്യങ്ങള്‍ സര്‍ക്കാര്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് എന്നത് സര്‍ക്കാര്‍ ആവര്‍ത്തിച്ചതാണ്. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ കര്‍മ്മ പരിപാടിയില്‍ വിശദീകരിച്ചത്

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നേടിയ മികവിന്റെ റെക്കോര്‍ഡ് ഉന്നത വിദ്യാഭ്യാസ മേഖലയിലും കൈവരിക്കും. ഡോക്ടറല്‍ പഠന സൗകര്യം മെച്ചപ്പെടുത്തും. അഫിലിയേറ്റഡ് കോളേജുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കും... കേരളത്തെ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കും.

ബഹുമാനപ്പെട്ട ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഈ രംഗത്തുള്ള കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുണ്ട്. ''ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് സൗകര്യങ്ങള്‍ ദേശീയവും അന്തര്‍ദേശീയവുമായ തലത്തില്‍ ഉയര്‍ത്തുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഹിക്കുന്നതിനായി സീറ്റുകളുടെ എണ്ണവും കോഴ്‌സുകളും വര്‍ദ്ധിപ്പിക്കും... നമ്മുടെ കോളേജുകള്‍ സര്‍വകലാശാലകള്‍ എന്നിവയിലെ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി എമിനന്‍സ് സ്‌കോളേഴ്‌സ് ഓണ്‍ലൈന്‍ പ്രോഗ്രാം നടപ്പിലാക്കി വരുന്നു.....'' തുടങ്ങിയ കാര്യങ്ങള്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖല എല്ലാം തികഞ്ഞതല്ല. ദൗര്‍ബല്യങ്ങളും കുറവുകളുമുണ്ട്. അത് പരിഹരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ബജറ്റ് പ്രസംഗത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നത്തെ ആധുനിക കാലത്ത് ചില സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതിന് നമ്മള്‍ ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ള കാര്യം മാത്രം പോര എന്നത് വ്യക്തമാണ്. പുതിയ കാലത്ത് ഏതു തരം കോഴ്‌സുകളാണ് ആവശ്യം എന്നുള്ളതുവരെ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

കേരളത്തിന് പുറത്തുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന മൂന്ന് സമിതികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗവേഷണ രംഗത്തു ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ തന്നെ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി യാഥാര്‍ത്ഥ്യമായത്. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് പത്ത് കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയെന്നും വന്നേക്കാം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ നിരവധി കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്.അതിന് ഫലമുണ്ട്. എന്‍.ഐ.ആര്‍ ഓഫ് റാങ്കിങ്ങിലും നാക് അക്രിഡിറ്റേഷനിലും കേരളം മെച്ചപ്പെട്ടിട്ടുണ്ട്...

ഇതുകൊണ്ടൊന്നും നമ്മള്‍ തൃപ്തരല്ല. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്റ്റേറ്റ് അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും സ്ഥാപനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുള്ള ത്വരയുണ്ടാക്കും. കെ.ഐ.ആര്‍.എഫ് നടപ്പിലാക്കും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രശ്‌നങ്ങളുണ്ട് എന്നത് സത്യമാണ്. ഈ കാര്യത്തില്‍ ഗവര്‍ണറും സര്‍ക്കാരും ഒരു സമീപനമാണ് ഇതുവരെ സ്വീകരിച്ചുവരുന്നത്. പ്രയോഗത്തില്‍ അവ കൊണ്ടുവരുമ്പോള്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അത് ചര്‍ച്ച ചെയ്ത് യോജിപ്പിലെത്തുകയാണ് ചെയ്യുക. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പല കാര്യങ്ങളിലും ആശയവിനിമയും നടത്താറുണ്ട്. അത് സ്വാഭാവികമാണ്. ഇപ്പോള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങളുണ്ടായി. ചാന്‍സലറും കൂടിയായ ഗവര്‍ണറുടെ ചില പ്രതികരണങ്ങള്‍ ഉണ്ടായി. ഇതില്‍ വ്യക്തത വരുത്താനാണ് ഇപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ചില പ്രശ്‌നങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ഡിസംബര്‍ എട്ടിന് കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ ഉത്കണ്ഠ സര്‍ക്കാര്‍ അവഗണിച്ചില്ല. അത് ഗൗരവത്തോടെ പരിഗണിച്ചു. അതേ ദിവസം തന്നെ സര്‍ക്കാരിന്റെ കാഴ്ചപ്പാട് അദ്ദേഹത്തെ അറിയിച്ചു. ചീഫ് സെക്രട്ടറിയും സീനിയര്‍ ഐ.എ.എസ് ഉദ്യേഗസ്ഥനായ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമാണ് ഗവര്‍ണറെ കണ്ടത്. ഇതിന് ശേഷം ധനകാര്യ മന്ത്രിയും ഗവര്‍ണറെ കണ്ടു.

ധനകാര്യ മന്ത്രിയോടൊപ്പം ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ കണ്ണൂരില്‍ ആയതുകൊണ്ട് ഗവര്‍ണറെ ഫോണില്‍ ബന്ധപ്പെട്ടു. കേരളത്തിലെ സര്‍വ്വകലാശാലകളുടെ നേതൃത്വമെടുത്താല്‍ അതില്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ വ്യത്യസ്ത നേതൃത്വമുണ്ടായിട്ടുണ്ട്. മികവാര്‍ന്ന അക്കാദമിക് വിദഗ്ദരെ തന്നെയാണ് തലപ്പത്ത് കൊണ്ടുവരാന്‍ ശ്രദ്ധിച്ചിട്ടുള്ളത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോഴൊക്കെ അക്കാദമിക് മികവുള്ളവരെ യൂണിവേഴ്‌സിറ്റികളുടെ തലപ്പത്ത് കൊണ്ടു വന്നു. യു.ആര്‍ അനന്തമൂര്‍ത്തി, മൈക്കിള്‍ തരകന്‍, കെ.എന്‍ പണിക്കര്‍, രാജന്‍ ഗുരുക്കള്‍, കെ.ടി ജയകൃഷ്ണന്‍ തുടങ്ങിയവരെല്ലാം അവരുടെ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്.

24 മണിക്കൂര്‍ സര്‍വ്വകലാശാലയില്‍ പഠിപ്പിച്ച അനുഭവ പരിചയമില്ലാത്തവരെ വരെ സര്‍വ്വകലാശാലയുടെ തലപ്പത്ത് ഇരുത്തിയിട്ടുണ്ട് ചിലര്‍. ഇപ്പോള്‍ ഒരു കത്ത് ഗവര്‍ണര്‍ അയച്ചപ്പോള്‍ കേരള ചരിത്രത്തില്‍ ആദ്യമാണെന്ന് പറഞ്ഞു വ്യാകുലപ്പെടുന്നവര്‍ ഷീല ദീഷിത് നീക്കം ചെയ്ത വി.സിയെ കുറിച്ചും ഓര്‍ക്കണം.

കക്ഷിരാഷ്ട്രീയത്തിന് അടിസ്ഥാനപ്പെടുത്തിയാണ് നിയമനമെന്ന് പറയുന്നത് യുക്തിസഹമല്ല. വസ്തുതാവിരുദ്ധമാണ്. ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ അഭിപ്രായമുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് ഇതെല്ലാം തീരുമാനിക്കുന്നത് എന്ന് പറഞ്ഞ് നടക്കുന്ന പ്രചരണങ്ങള്‍ ഒട്ടും ശരിയല്ല. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുണ്ട്. അതിനെ പിന്നോട്ടടിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല കേരളത്തിന്റെ എല്ലാ മേഖലകളിലും ഇന്നുള്ളതില്‍ നിന്ന് ഒന്നും മുന്നോട്ട് പോകാന്‍ പാടില്ല, എന്ന് ചിന്തിക്കുന്ന നിഷേധ ചിന്തക്കാരുണ്ട്. അവര്‍ക്ക് ഉത്തേജനം നല്‍കുന്ന പരസ്യ പ്രസ്താവനകള്‍ ചാന്‍സലറെന്ന നിലയ്ക്ക് അദ്ദേഹത്തിന്റൈ ഭാഗത്ത് നിന്നുണ്ടാകുന്നത് അങ്ങേയറ്റം ദുഃഖകരം. അത് അദ്ദേഹം മനസിലാക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഒട്ടും മുന്നോട്ടു പോകാന്‍ പാടില്ല എന്ന് ചിന്തിക്കുന്നവര്‍ക്ക് ഊര്‍ജം നല്‍കുന്ന നിലപാടുകള്‍ ഭരണഘടനാ സ്ഥാനത്തിരിക്കുന്നയാളില്‍ നിന്ന് ഉണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

ഗവര്‍ണര്‍ അദ്ദേഹത്തിന്റെ മനസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് ഗവര്‍ണര്‍ തന്നെയാണ്. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. ആ സ്വാതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ടെന്ന് ചിന്തിക്കുന്ന സര്‍ക്കാരാണ് ഈ സര്‍ക്കാര്‍. ഏതെങ്കിലും കോണില്‍ നിന്ന് വിമര്‍ശനം ഉണ്ടാകുമെന്ന് ഭയന്ന് തീരുമാനം എടുക്കാതിരുന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുള്ളതല്ല.

സര്‍ക്കാര്‍ ആ നില ഒരു ഘട്ടത്തിലും ആഗ്രഹിച്ചിട്ടില്ല. സര്‍ക്കാരും ഗവര്‍ണറും നല്ല ബന്ധത്തിലും നല്ല രീതിയിലുമാണ് കാര്യങ്ങള്‍ ചെയ്തുവരുന്നത്. അദ്ദേഹത്തെ ഏതെങ്കിലും തരത്തില്‍ ബഹുമാനിക്കാത്ത നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തിന് നിന്ന് ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ സംസ്‌കാരത്തിന് ചേരുന്നതല്ല...

ഇപ്പോഴത്തെ സര്‍ക്കാരോ നേരത്തെ ഇടതുപക്ഷ സര്‍ക്കാരോ അനധികൃതമായി സര്‍വ്വകലാശാല നിയമനങ്ങളില്‍ ഇടപെടാറില്ല. അത് ഞങ്ങളുടെ രീതിയല്ല. എല്ലാ ഘട്ടത്തിലും ഇത്തരമൊരു നിലപാട് തന്നെയാണ് സ്വീകരിച്ച് വന്നിട്ടുള്ളത്. മറ്റൊന്ന് യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ സ്ഥാനം സര്‍ക്കാരിന് വേണ്ട. സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് ഗവര്‍ണര്‍ തന്നെ ആ സ്ഥാനത്ത് തുടരണമെന്നാണ്.

ഇതുവരെ അങ്ങനെയാണ് മുന്നോട്ട് പോയത്. ചാന്‍സലര്‍ സ്ഥാനം ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന രീതിയില്‍ കാണേണ്ടതില്ല. സര്‍ക്കാരിന്റെ തുറന്ന മനസ് അദ്ദേഹം അംഗീകരിക്കുമെന്ന് കാണുകയാണ്. അതുകൊണ്ട് തന്നെ ആ നിലപാടില്‍ നിന്ന് അദ്ദേഹം പിന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ കാണുന്നത്. ചാന്‍സലറിന്റെ അധികാരം നിയമപ്രകാരമുള്ളതാണ്. ആ അധികാരം കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.

ഗവര്‍ണര്‍ ഒരു ഭാഗത്തും സര്‍ക്കാര്‍ ഒരു ഭാഗത്തുമായി വലിയൊരു ഏറ്റമുട്ടല്‍ നടക്കുന്നതായാണ് ചിത്രീകരണം. ഗവര്‍ണറുമായി ഏറ്റമുട്ടുമെന്ന നില സര്‍ക്കാരിനില്ല. സര്‍ക്കാരിന് പിടിവാശിയില്ല. ചാന്‍സലര്‍ സ്ഥാനം ഗവര്‍ണര്‍ ഉപേക്ഷിക്കരുത്. അത് തുടര്‍ന്നും വഹിക്കണം. അദ്ദേഹം ചാന്‍സലര്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യസ മേഖലയെ മുന്നോട്ട് നയിക്കണം. അത് തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിക്കുമെന്നാണ് കരുതുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in