ചാന്‍സലറുടെ അധികാരം കവര്‍ന്നെടുക്കാനുള്ള ഒരു ശ്രമവുമുണ്ടായിട്ടില്ല; ഏറ്റുമുട്ടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

ചാന്‍സലറുടെ അധികാരം കവര്‍ന്നെടുക്കാനുള്ള ഒരു ശ്രമവുമുണ്ടായിട്ടില്ല;   ഏറ്റുമുട്ടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചാന്‍സലറുടെ അധികാരസ്ഥാനം കവര്‍ന്നെടുക്കാന്‍ ഒരു ശ്രമവുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ തന്നെ ആ സ്ഥാനം മുന്നോട്ടും കൊണ്ടു പോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മനസാക്ഷിക്ക് വിരുദ്ധമായി ഗവര്‍ണര്‍ എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല.

സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് ഗവര്‍ണര്‍ തന്നെയാണ്. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. ആ സ്വാതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ടെന്ന് ചിന്തിക്കുന്ന സര്‍ക്കാരാണ് ഈ സര്‍ക്കാര്‍. ഏതെങ്കിലും കോണില്‍ നിന്ന് വിമര്‍ശനം ഉണ്ടാകുമെന്ന് ഭയന്ന് തീരുമാനം എടുക്കാതിരുന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുള്ളതല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്

യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ സ്ഥാനം സര്‍ക്കാരിന് വേണ്ട. സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് ഗവര്‍ണര്‍ തന്നെ ആ സ്ഥാനത്ത് തുടരണമെന്നാണ്. ഇതുവരെ അങ്ങനെയാണ് മുന്നോട്ട് പോയത്. ചാന്‍സലര്‍ സ്ഥാനം ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന രീതിയില്‍ കാണേണ്ടതില്ല.

സര്‍ക്കാരിന്റെ തുറന്ന മനസ് അദ്ദേഹം അംഗീകരിക്കുമെന്ന് കരുതുന്നു. അതുകൊണ്ട് ഇപ്പോഴത്തെ നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ചാന്‍സലറിന്റെ അധികാരം നിയമപ്രകാരമുള്ളതാണ്. ആ അധികാരം കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.

ഗവര്‍ണര്‍ ഒരു ഭാഗത്തും സര്‍ക്കാര്‍ ഒരു ഭാഗത്തുമായി വലിയൊരു ഏറ്റമുട്ടല്‍ നടക്കുന്നതായാണ് ചിത്രീകരണം. ഗവര്‍ണറുമായി ഏറ്റമുട്ടണമെന്ന നില സര്‍ക്കാരിനില്ല. സര്‍ക്കാരിന് പിടിവാശിയില്ല. ചാന്‍സലര്‍ സ്ഥാനം ഗവര്‍ണര്‍ ഉപേക്ഷിക്കരുത്. അത് തുടര്‍ന്നും വഹിക്കണം. അദ്ദേഹം ചാന്‍സലര്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യസ മേഖലയെ മുന്നോട്ട് നയിക്കാം. അത് തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിക്കുമെന്നാണ് കരുതുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in