‘ക്രിസ്ത്യന്‍ യുവാക്കളേ ഇതിലേ'യുമായി ബന്ധമില്ല; മതത്തെ കുറിച്ചുള്ള സംസാരങ്ങൾ സർപ്പത്തിന്റെ വിവേകത്തോടെ മനസ്സിലാക്കണമെന്ന് കെസിവൈഎം

‘ക്രിസ്ത്യന്‍ യുവാക്കളേ ഇതിലേ'യുമായി  ബന്ധമില്ല; മതത്തെ കുറിച്ചുള്ള സംസാരങ്ങൾ സർപ്പത്തിന്റെ വിവേകത്തോടെ മനസ്സിലാക്കണമെന്ന് കെസിവൈഎം

ക്രിസ്ത്യന്‍ യുവജന സംഘടനായ കെസിവൈഎമ്മിന്റെ പേരിൽ ക്ലബ്ഹൗസില്‍ നടക്കുന്ന ചർച്ചകളുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് കെസിവൈഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കെസിവൈഎമ്മിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തെറ്റായ ആശയങ്ങളും സന്ദേശങ്ങളും സമൂഹ മാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി സംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കത്തോലിക്കാ സഭയുമായി ബന്ധമില്ലാത്തതും വര്‍ഗ്ഗീയ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്നതുമായ ചില സംഘടനകള്‍ ക്രിസ്ത്യന്‍ കോഡിനേഷന്‍ കൗണ്‍സില്‍ എന്ന കമ്മിറ്റി രൂപീകരിച്ചാണ് വര്‍ഗ്ഗീയ പ്രചരണങ്ങള്‍ നടത്തുന്നതെന്നും കെസിവൈഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കെസിവൈഎമ്മിന്റെ വാർത്താക്കുറിപ്പ്

സോഷ്യൽ മീഡിയയിലെ വ്യാജപ്രചരണങ്ങൾ,ചർച്ചകൾ

ക്ലബ് ഹൗസ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിലൂടെ കെ.സി. വൈ. എം. പ്രസ്ഥാനത്തിന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ രൂപീകരിച്ച് യുവജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നതായും, കെ സി വൈ എം, കത്തോലിക്ക സഭയുമായി ബന്ധമില്ലാത്ത വർഗ്ഗീയ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ചില സംഘടനകളുമായി ചേർന്ന് "ക്രിസ്ത്യൻ കോർഡിനേഷൻ കൗൺസിൽ" എന്ന കമ്മിറ്റി രൂപികരിച്ചതായി വ്യാജപ്രചരണം നടത്തുന്നതായും കെസിവൈഎം സംസ്ഥാന സമിതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടുത്തകാലത്തായി രൂപീകരിച്ച ഇത്തരം അക്കൗണ്ടുകളുമായോ കൂട്ടായ്മകളുമായോ കെസിവൈഎം സംസ്ഥാന സമിതിക്കോ കെസിവൈഎമ്മിന്റെ രൂപത-ഫൊറോന-യൂണിറ്റ് നേതൃത്വങ്ങൾക്കോ യാതൊരുവിധ പങ്കും ഉള്ളതല്ല. ക്രിസ്ത്യൻ കോർഡിനേഷൻ കൗൺസിലുമായി AKCCയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് AKCC പ്രതിനിധികളുടെ ഭാഗത്തു നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. യുവജനങ്ങൾ സജീവമായ ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ, നിശ്ചിത അജണ്ടയോടെയാണ് ഈ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നത്.

ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വർഗ്ഗീയ അജണ്ടകൾ പ്രാവർത്തികമാക്കുവാൻ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ, കെസിവൈഎം പ്രസ്ഥാനത്തിനെതിരെ നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ യാഥാർത്ഥ്യങ്ങൾ വിചിന്തനം ചെയ്യണം.

എന്താണ് കെസിവൈഎം ?

ക്രൈസ്തവ ആദർശങ്ങളിൽ അധിഷ്ഠിതമായി കത്തോലിക്ക യുവജനങ്ങളുടെ സമഗ്ര വികസനവും സമൂഹത്തിന്റെ സമ്പൂർണ്ണ വിമോചനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനം.*

എന്താണ് കെസിവൈഎം ആപ്തവാക്യം?

സഭയ്ക്കുവേണ്ടി, സമൂഹത്തിനുവേണ്ടി.

ഹൃദയത്തിൽ സംഗ്രഹിക്കേണ്ട 3 ബൈബിൾ വചനങ്ങൾ.

1. 'അന്വേഷിച്ച് അറിയാതെ കുറ്റം ആരോപിക്കുന്നത്'

2. 'നിന്നെ പോലെ തന്നെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക'

3. 'സർപ്പത്തെപ്പോലെ വിവേകികൾ ആയിരിക്കുക'

കഴിഞ്ഞദിവസം നടന്ന വ്യാജ കെസിവൈഎമ്മിന്റെ പേരിലുള്ള ക്ലബ്ബ് ഹൗസിൽ അടിസ്ഥാനരഹിതമായ ഒരുപാട് ആരോപണങ്ങൾ കെസിവൈഎം സംസ്ഥാന സമിതിക്ക് നേരെ ഉന്നയിക്കുകയുണ്ടായി.

ഇന്നലെ നടന്ന ചർച്ചയിൽ കത്തോലിക്ക സഭ നേരിടുന്ന പ്രശ്നങ്ങൾ എന്ന നിലയിൽ ചൂണ്ടിക്കാണിച്ച വിഷയങ്ങൾ

1. ലൗജിഹാദ്

2. 80:20

3. ഇസ്രയേൽ പലസ്തീൻ വിഷയം

ഇന്നലെ നടന്ന ചർച്ചകളിൽ ഉന്നയിക്കപ്പെട്ട ഈ വിഷയങ്ങൾ മാത്രമാണോ കത്തോലിക്ക സഭ നേരിടുന്നത് പ്രശ്നങ്ങൾ

1. കത്തോലിക്ക സമൂഹം നേരിടുന്ന വലിയൊരു പ്രശ്നമാണ് ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങൾ.

2. നോർത്തിന്ത്യൻ ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ നടക്കുന്ന ക്രൂരമായ പീഡനങ്ങളും ബുദ്ധിമുട്ടുകളും.

3. കേന്ദ്ര സർക്കാരിൻറെ വർഗീയമായ നിലപാടുകളും ഏകാധിപത്യ നിലപാടുകളും.

4. ഫാദർ സ്റ്റാൻഡ് സ്വാമി.

5. FCRA, അതോടൊപ്പം സഭ സംവിധാനങ്ങൾക്കെതിരെ കേന്ദ്രസർക്കാർ മതപരിവർത്തനം ആരോപിച്ച് നടത്തുന്ന അന്വേഷണങ്ങളും മറ്റും.

80:20 വിഷയത്തിലും, ലൗ ജിഹാദ് വിഷയത്തിലും EWS വിഷയത്തിലും പ്രസ്ഥാനം കത്തോലിക്ക സഭയുടെ നിലപാടുകളുമായി ചേർന്ന് കൃത്യമായ ഇടപെടലുകൾ നടത്തി വരുന്നുണ്ട്. സംസ്ഥാന സമിതി എടുത്ത നിലപാടുകൾ ഫേസ്ബുക്കിൽ ലഭ്യമാണ്.

ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും, ഇന്നലെ ഉന്നയിച്ച ഈ മൂന്ന് വിഷയങ്ങളിലും ഒരു മത വിഭാഗവുമായി ബന്ധപ്പെട്ടതാണ് എന്നുള്ളത്. എന്തുകൊണ്ട് ഇത്തരത്തിലുള്ളവർ ഇങ്ങനെ ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ട് വിഷയങ്ങൾ മാത്രം സംസാരിക്കുന്നു എന്നുള്ളത് സർപ്പത്തിന്റെ വിവേകത്തോടെ കൂടി മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങളാണ്.

കെസിവൈഎം പ്രസ്ഥാനം , സഭയും, സമൂഹവും നേരിടുന്ന നിരവധിയായ പ്രതിസന്ധികളിലും, പ്രശ്നഘട്ടങ്ങളിലും ഇടപെട്ട് നിലപാടുകൾ എടുക്കുന്ന ഒരു സംഘടനയാണ്. ചില സാഹചര്യങ്ങളിൽ ചിലപ്പോൾ പ്രതിഷേധങ്ങളും നിലപാടുകളോ വന്നിട്ടില്ല എന്നുള്ളത് ശരിയായിരിക്കാം. വിമർശനത്തിന് അതീതമല്ല ഒരു സംഘടനയും, ഒരു വ്യക്തിയും. എല്ലാം തികഞ്ഞ ഒരു സംഘടനയാണ് കെസിവൈഎം എന്ന് ഒരു വാദം ഒരിക്കലും ഉന്നയിച്ചിട്ടില്ല.

എന്നാൽ വ്യക്തിപരമായ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ ഇരിക്കുന്നവർക്കെതിരെ നടത്തുന്നതിൽ കൃത്യമായ പ്ലാൻ ഉണ്ട് എന്നുള്ളത് സുവ്യക്തം.

കെസിവൈഎമ്മിന്റെ ഏതെങ്കിലും പരിപാടികളിലോ നിലപാടുകളിലോ വൈരുധ്യം ഉണ്ടെങ്കിൽ ഏതൊരു കത്തോലിക്കാ യുവജനത്തിനും സ്വന്തം പേരും, ഇടവകയും വ്യക്തമാക്കിക്കൊണ്ട് രൂപത, സംസ്ഥാന സമിതി അംഗങ്ങൾ അവരുടെ ആശങ്ക അറിയിക്കാൻ എപ്പോഴും കെസിവൈഎം വാതിലുകൾ തുറന്നിട്ടു ഉണ്ട് എന്ന് മനസ്സിലാക്കണം. നിങ്ങൾക്ക് ഏതൊരു വിഷയത്തെപ്പറ്റിയും, സംസ്ഥാന സമിതി ഇടപെടണം എന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ പേരും ഇടവകയും വ്യക്തമാക്കിക്കൊണ്ട് കെസിവൈഎം സംസ്ഥാന സമിതിക്ക് നിർദേശം നൽകാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.

ഇതൊന്നും ചെയ്യാതെ ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രം പ്രതികരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വരുന്നവരുടെ ലക്ഷ്യങ്ങൾ സംശയദൃഷ്ടിയോടെ മാത്രമേ നോക്കി കാണാൻ സാധിക്കുകയുള്ളൂ. ക്രൈസ്തവ യുവജനങ്ങൾക്ക് തെറ്റായ ചിന്തകളും ആഹ്വാനങ്ങളും നൽകുന്ന ഇത്തരം പ്രവണതകൾ ഇനിയും ആവർത്തിക്കപ്പെട്ടാൽ ശക്തമായ നടപടികളുമായി കെസിവൈഎം മുന്നോട്ടുപോകും. കെസിവൈഎം എന്ന പ്രസ്ഥാനം കത്തോലിക്കാസഭ അംഗീകരിച്ചിട്ടില്ലാത്ത ഒരു സംവിധാനങ്ങളുമായും ഒരുമിച്ച് പ്രവർത്തിക്കുകയില്ല എന്നുള്ളത് ആവർത്തിച്ച് അടിവരയിട്ട് ഓർമിപ്പിക്കുന്നു

അടിക്കുറിപ്പ്: _ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമാണ് യേശു ഈ ഭൂമിയിൽ വന്നത് എന്ന്‌ ആരെങ്കിലും നിങ്ങളെ പഠിപ്പിക്കുന്നുവെങ്കിൽ അവരെ തിരുത്തേണ്ട സമയം അതിക്രമിച്ചു._

മതസൗഹാർദ്ദ കേരളം എന്നും അങ്ങനെ തന്നെ നിലനിൽക്കണം. വിഭാഗീയ ശക്തികളെ ഒറ്റപ്പെടുത്തുക_

കെ സി വൈ എം

സംസ്ഥാന സമിതി

Related Stories

No stories found.
logo
The Cue
www.thecue.in