അമിത് ഷായുമായടക്കം ബന്ധമുണ്ട്, ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ല; പത്ത് ലക്ഷം ആരോപണത്തില്‍ സി കെ ജാനു

അമിത് ഷായുമായടക്കം ബന്ധമുണ്ട്, ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ല; പത്ത് ലക്ഷം ആരോപണത്തില്‍ സി കെ ജാനു

വയനാട്: ഇടതുമുന്നണിയില്‍ നിന്ന് എന്‍ഡിഎയിലേക്ക് ചേരാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്ന് പത്ത് ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി സികെ ജാനു.

തനിക്ക് അമിത് ഷായുമായടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ലെന്നും സികെ ജാനു മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ ജാനു ട്രഷറര്‍ പ്രസീതയുടെയും പ്രകാശന്റെയും പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ജെ.ആര്‍.പി ട്രഷറര്‍ പ്രസീത വെളിപ്പെടുത്തിയിരുന്നു.

പത്ത് കോടി രൂപയ്ക്ക് പുറമേ അഞ്ച് നിയമസഭാ സീറ്റും, കേന്ദ്ര മന്ത്രി സ്ഥാനവും സികെ ജാനു ചോദിച്ചിരുന്നെന്നും പ്രസീത പറഞ്ഞിരുന്നു. എന്നാല്‍ സികെ ജാനുവിന്റെ ഡിമാന്‍ഡുകള്‍ കെ.സുരേന്ദ്രന്‍ അംഗീകരിച്ചില്ലെന്നും പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.

തിരുവനന്തപുരത്ത് അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് പത്ത് ലക്ഷം രൂപ കെ.സുരേന്ദ്രന് കൈമാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സികെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചത് കുഴല്‍പ്പണമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ കൈമാറിയെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്ത് വരുമ്പോള്‍ ബിജെപി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്