'വിജയ് ബാബുവിന് മുന്നില്‍ മറ്റ് വഴികളില്ല'; കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കമ്മീഷണര്‍

'വിജയ് ബാബുവിന് മുന്നില്‍ മറ്റ് വഴികളില്ല'; കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കമ്മീഷണര്‍

ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. നടന് മുന്നില്‍ മറ്റ് വഴിയില്ല. വിജയ് ബാബു ദുബായില്‍ ആണെന്ന് സ്ഥിരീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് പുറമെ നടനെതിരെ വേറെയും ശാസ്ത്രീയ തെളിവുകളുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

പരാതിക്കാരിയായ നടിയും വിജയ് ബാബുവും കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത് സാധൂകരിക്കുംവിധമുള്ള സാക്ഷിമൊഴികളും പൊലീസിന് ലഭിച്ചു. അതേസമയം, വിജയ് ബാബുവിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞത് ബലാത്സംഗ പരാതി ചര്‍ച്ചയായ ശേഷമാണെന്നും എയര്‍പോര്‍ട്ടില്‍ എത്തിയാലുടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളില്‍ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴി. മയക്കുമരുന്നും മദ്യവും നല്‍കി അര്‍ധബോധാവസ്ഥയില്‍ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി.

പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടി നല്‍കിയ പരാതിയിലുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും സാക്ഷിമൊഴികളുമാണ് പൊലീസിന് ലഭിച്ചത്. ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം പരാതിക്കാരിയുമായി പൊലീസ് രഹസ്യമായി തെളിവെടുപ്പ് നടത്തിയിരന്നു.

ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം എട്ട് സാക്ഷികളുടെ മൊഴി എടുത്തു. കൂടുതല്‍ സാക്ഷികളുടെ മൊഴികളും ഇന്ന് രേഖപ്പെടുത്തും. അതേസമയം, കേസില്‍

മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹര്‍ജി നല്‍കും. വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പരാതിയില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു അറിയിച്ചു.

വിജയ് ബാബു ദുബായിലേക്ക് കടന്നുകളഞ്ഞത് ഏപ്രില്‍ 24നാണെന്ന് പൊലീസ് അറിയിച്ചു. കേസെടുത്ത് അന്വേഷണം തുടങ്ങിയതറിഞ്ഞ് വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇയാള്‍ ഗോവയിലുണ്ടെന്ന സൂചനയെത്തുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തിയെങ്കിലും ദുബായിലേക്ക് കടക്കുകയായിരുന്നു.

ബലാത്സംഗം ചെയ്തുവെന്ന പരാതി വന്നതിനുശേഷം ഇരയ്ക്കെതിരേ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടാണ് വിജയ് ബാബു ഒളിവില്‍പ്പോയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനംചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ളാറ്റില്‍വെച്ച് നിരവധിതവണ ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിലാണ് വിജയ് ബാബുവിനെതിരേ കേസെടുത്തത്. ഏപ്രില്‍ 22ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്.

Related Stories

No stories found.
logo
The Cue
www.thecue.in