ഛായാഗ്രാഹകന്‍ കെ രാമചന്ദ്രബാബു അന്തരിച്ചു, ക്ലാസിക് സിനിമകളിലെ കയ്യൊപ്പ് 

ഛായാഗ്രാഹകന്‍ കെ രാമചന്ദ്രബാബു അന്തരിച്ചു, ക്ലാസിക് സിനിമകളിലെ കയ്യൊപ്പ് 

മലയാളത്തിലെ മുന്‍നിര ഛായാഗ്രാഹകന്‍ കെ രാമചന്ദ്രബാബു അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. മലയാള സിനിമയിലെ ക്ലാസിക് സൃഷ്ടികളില്‍ പലതും രാമചന്ദ്രബാബു ക്യാമറ ചലിപ്പിച്ചവയാണ്. 72 വയസ്സായിരുന്നു. ദിലീപിനെ നായകനായി പ്രൊഫസര്‍ ഡിങ്കന്‍ ത്രീ ഡി എന്ന സിനിമയുടെ പണിപ്പുരയിലായിരുന്നു.

പി എന്‍ മേനോന്‍, ജോണ്‍ എബ്രഹാം, കെ ജി ജോര്‍ജ്ജ്, എം ടി വാസുദേവന്‍ നായര്‍, ഭരതന്‍, ഐവി ശശി, പി ജി വിശ്വംഭരന്‍ തുടങ്ങിയ ചലച്ചിത്രകാരന്‍മാര്‍ക്കൊപ്പം അവരുടെ പ്രധാന ചലച്ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചത് കെ രാമചന്ദ്രബാബുവായിരൂുന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ട് ജില്ലയിലെ മധുരന്തകത്താണ് ജനനം. ചെന്നെ ലൊയോള കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദമെടുത്ത ശേഷം പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണം പൂര്‍ത്തിയാക്കി. സഹപാഠിയായ ജോണ്‍ എബ്രഹാമിന്റെ ''വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ'' എന്ന സിനിമയ്ക്കായി ആദ്യമായി ക്യാമറ ചലിപ്പിച്ചു. മലയാളം,തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി 135 സിനിമകള്‍ ഛായാഗ്രഹണം ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പേരിലുള്ള വെബ് സൈറ്റില്‍ നിന്നുള്ള വിവരം

ഛായാഗ്രാഹകരുടെ സംഘടനയായ ഇന്‍ഡ്യന്‍ സൊസൈറ്റി ഫോര്‍ സിനിമാട്ടഗ്രഫേഴ്‌സ് സ്ഥാപക പ്രസിഡന്റുമാണ് രാമചന്ദ്രബാബു. മാക്ടയുടെ ചെയര്‍മാനായിരുന്നു. രാമുകാര്യാട്ടിന്റെ സംവിധാനത്തില്‍ ഈസ്റ്റ്മാന്‍ കളറില്‍ പുറത്തിങറങ്ങിയ ദ്വീപ് (1976) എന്ന സിനിമയിലൂടെ ഛായാഗ്രഹണത്തിന് രാമചന്ദ്രബാബുവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1978ല്‍ പത്മരാജന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തിലൂടെയും, 1980ല്‍ ഭരതന്റെ തന്നെ ചാമരത്തിലൂടെയും, 1989ല്‍ ഒരു വടക്കന്‍ വീരഗാഥയിലൂടെയും സംസ്ഥാനത്തെ മികച്ച ഛായാഗ്രാഹകനായി.

ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത ഭൂമിയുടെ അവകാശികള്‍, ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍, ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്നിവയും അദ്ദേഹം ക്യാമറ കൈകാര്യം ചെയ്ത സിനിമകളാണ്.

എം ടിയുടെ നിര്‍മാല്യം, കെ ജി ജോര്‍ജ്ജ് ചിത്രങ്ങളായ സ്വപ്‌നാടനം, മേള, കോലങ്ങള്‍, യവനിക, ആദാമിന്റെ വാരിയെല്ല്,മറ്റൊരാള്‍, ഈ കണ്ണി കൂടി എന്നിവയുടെ ഛായാഗ്രഹണം രാമചന്ദ്രബാബുവാണ്. മലയാളത്തിലെ ആദ്യ 70 എംഎം സിനിമയ്ക്ക് വേണ്ടിയും പൂര്‍ണമായും വിദേശത്ത് ഷൂട്ട് ചെയ്ത സിനിമയ്ക്ക് വേണ്ടിയും ക്യാമറ നിര്‍വഹിച്ചത് രാമചന്ദ്രബാബുവാണ്.

Related Stories

No stories found.
logo
The Cue
www.thecue.in