'ബെഹ്‌റയെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല, അച്ഛന്റെ മൊഴിയെടുക്കാന്‍ പോലും മടിച്ചു'; പൊലീസിനെതിരെ അനുപമ

'ബെഹ്‌റയെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല, അച്ഛന്റെ മൊഴിയെടുക്കാന്‍ പോലും മടിച്ചു'; പൊലീസിനെതിരെ അനുപമ

ഏപ്രിലില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് അനുപമ. അന്നത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ഉള്‍പ്പടെ പരാതിയുമായി സമീപിച്ചിട്ടും നടപടിയുണ്ടായില്ല. കുട്ടിയെവിടെയാണെന്ന് അച്ഛന്‍ പറയുന്നില്ലെന്ന മറുപടിയാണ് നല്‍കിയതെന്നും അനുപമ പറഞ്ഞു. സെപ്റ്റംബറില്‍ പുതിയ പൊലീസ് മേധാവി വന്നപ്പോള്‍ വീണ്ടും പരാതി നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തതെന്നും അനുപമ.

'ഏപ്രില്‍ 15ന് സര്‍ട്ടിഫിക്കറ്റ്‌സ് ആവശ്യപ്പെട്ടാണ് ആദ്യ പരാതി നല്‍കിയത്. ഏപ്രില്‍ 19നാണ് കുഞ്ഞിനെ വിട്ടുകിട്ടുന്നതിനായി പരാതി കൊടുത്തത്. അതില്‍ ഒരു നടപടിയുമുണ്ടായില്ല. പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ നേരിട്ട് പോയി കണ്ടു, അദ്ദേഹം പറഞ്ഞത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് നല്‍കാനാണ് പറഞ്ഞത്. പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല.

അതിന് ശേഷം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഞങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് ഉറപ്പായിരുന്നു. പിന്നീട് പുതിയ ഡിജിപി വന്നപ്പോള്‍ സെപ്റ്റംബറില്‍ വീണ്ടും പരാതി നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അനുപമ പറഞ്ഞു.

കുഞ്ഞ് എവിടെയാണെന്ന് അച്ഛന്‍ പറയുന്നില്ലെന്നാണ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുമ്പോഴെല്ലാം ലഭിച്ചിരുന്ന നടപടി. 'ഞങ്ങളൊന്ന് ചോദിച്ച് നോക്കട്ടെ, പറയുമോ എന്ന് നോക്കട്ടെ' എന്നാണ് സി.ഐ പോലും പറഞ്ഞത്. അതൊക്കെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്ന മറുപടിയാണോയെന്നും അനുപമ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in