സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ചീഫ് സെക്രട്ടറി യോഗം വിളിച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ചീഫ് സെക്രട്ടറി യോഗം വിളിച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 16 വരെ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

മുന്നൊരുക്കങ്ങള്‍ ശക്തമാകുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് അടിയന്തര യോഗം വിളിച്ചു. മുഴുവന്‍ വകുപ്പുകളുടെയും രക്ഷാ സേനകളുടെയും യോഗമാണ് വിളിച്ചത്. റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച എട്ട് ജില്ലകളിലെ കളക്ടര്‍മാരാണ് യോഗത്തില്‍ പങ്കെടുക്കുക.

മെയ് 16വരെ കടല്‍ പ്രക്ഷുബ്ദമാവാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. വരും ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും രാത്രി 10.30 മുതല്‍ അര്‍ധരാത്രി വരെയും വേലിയേറ്റത്തിന്റെ നിരക്ക് സാധാരണ കൂടുതലാവാന്‍ സാധ്യതയുള്ളതനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

വേലിയേറ്റ സമയങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളില്‍ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്യാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മത്സ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോവാന്‍ പാടുള്ളതല്ലെന്നും അറിയിപ്പില്‍ പറയുന്നു.