സുപ്രീം കോടതി ഉത്തരവ് മാനിക്കാതെ ജഹാംഗീര്‍പുരിയില്‍ പൊളിക്കല്‍ നടപടി, വീണ്ടും ഇടപെട്ട് ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി ഉത്തരവ് മാനിക്കാതെ ജഹാംഗീര്‍പുരിയില്‍ പൊളിക്കല്‍ നടപടി, വീണ്ടും ഇടപെട്ട് ചീഫ് ജസ്റ്റിസ്

ജഹാംഗീര്‍പുരിയില്‍ കോളനി ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി നടപടി ലംഘിച്ചും പൊളിക്കല്‍ നടപടി തുടര്‍ന്ന നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് വീണ്ടും കോടതിയുടെ താക്കീത്. ഉത്തരവ് എത്രയും പെട്ടെന്ന് നല്‍കണമെന്നും പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും രണ്ടാമതും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അറിയിച്ചു.

കോടതി ഉത്തരവ് കയ്യില്‍ കിട്ടിയില്ലെന്ന് പറഞ്ഞാണ് ബിജെപി ഭരിക്കുന്ന എന്‍.ഡി.എം.സി പൊളിക്കല്‍ നടപടി തുടര്‍ന്നത്. ഉത്തരവ് ലഭിക്കുന്നതിനിടെ പരമാവധി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനായിരുന്നു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം. ഇതിനിടെയാണ് സുപ്രീം കോടതി വീണ്ടും ഇടപെട്ടത്.

ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ ജഹാംഗീര്‍പുരിയിലെ കോളനികള്‍ പൊളിച്ചു മാറ്റാനുള്ള നടപടി നിര്‍ത്തിവെക്കാന്‍ ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍ കൗണ്‍സിലിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഹനുമാന്‍ ജയന്തി ഘോഷയാത്ര വലിയ സംഘര്‍ഷങ്ങളില്‍ കലാശിച്ചതിന് പിന്നാലെയാണ് ജഹാംഗീര്‍ പുരിയില്‍ പൊളിച്ചുമാറ്റല്‍ നടപടികളുമായി അധികൃതരെത്തിയത്. ഇതുസംബന്ധിച്ച ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റല്‍ നടപടികള്‍ ആരംഭിച്ചത്.

'കലാപകാരികളുടെ അനധികൃത കെട്ടിടങ്ങള്‍ ഉടന്‍ പൊളിക്കണമെന്ന്' ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത എന്‍.ഡി.എം.സി മേയര്‍ക്ക് കത്തയച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ചേരി പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിന് പിന്നാലെ കപില്‍ സിബല്‍ അടങ്ങുന്ന സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കുകയും തുടര്‍ന്ന് ജഹാംഗീര്‍ പുരിയില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ആവശ്യപ്പെടുകയുമായിരുന്നു.

ഒമ്പത് മണിക്ക് ആരംഭിച്ച പൊളിക്കല്‍ നടപടികള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവിന് ശേഷവും തുടരുകയായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പൊളിക്കല്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

നോട്ടീസ് പോലും നല്‍കാതെയാണ് തങ്ങളുടെ കടകളും താമസ കേന്ദ്രങ്ങളും പൊളിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചേരികള്‍ ഒഴിപ്പിക്കാനെന്ന പേരില്‍ ബംഗാളി മുസ്ലിങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്ത് കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ വന്‍ പൊലീസ് സന്നാഹത്തോടെയാണ് നഗരസഭ അധികൃതര്‍ എത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in