രാജ്യത്ത് ഇപ്പോഴും കൊളോണിയല്‍ നിയമവ്യവസ്ഥ, മാറ്റം അത്യാവശ്യമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

രാജ്യത്ത് ഇപ്പോഴും കൊളോണിയല്‍ നിയമവ്യവസ്ഥ, മാറ്റം അത്യാവശ്യമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

ഇന്ത്യന്‍ ജനസംഖ്യയ്ക്ക് യോജിച്ചതല്ല ഇന്ത്യയിലെ നിലവിലെ നിയമവ്യവസ്ഥയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. കൊളോണിയല്‍ നിയമ സംവിധാനങ്ങളാണ് രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും അത് മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്ക് യോജിച്ച രീതിയിലല്ല ഇന്ത്യന്‍ കോടതികളുടെ പ്രവര്‍ത്തനം. നമ്മുടെ സിസ്റ്റവും, അതിന്റെ പ്രവര്‍ത്തനവും നിയമങ്ങളുമെല്ലാം കൊളോണിയല്‍ ആണ്. രാജ്യത്തെ ജനസംഖ്യയുമായി യോജിച്ചതല്ല,' എന്‍.വി രമണ പറഞ്ഞു.

രാജ്യത്തെ നിയമ വ്യവസ്ഥയെ ഇന്ത്യനൈസ് (ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കുന്നത്) ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യനൈസ് ചെയ്യുക എന്ന് പറയുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നമ്മുടെ സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതായ വ്യവസ്ഥ കൊണ്ടുവരികയും നീതി നിര്‍വഹണ വ്യവസ്ഥയെ കുറച്ചുകൂടി പ്രദേശിക വത്കരിക്കുകയും വേണം എന്നാണ്,' എന്‍.വി രമണ പറഞ്ഞു.

ഒരു കുടുംബ തര്‍ക്കമുണ്ടായാല്‍ പോലും അത് തീര്‍പ്പാക്കുന്നത് കോടതിയിലാണ്. എന്നാല്‍ മിക്കതും ഇംഗ്ലീല്‍ നടത്തുന്ന വാദ പ്രതിവാദത്തില്‍ അവര്‍ക്ക് ഒന്നും മനസിലാകില്ല. പലപ്പോഴും ഈ ഭാഷ അവര്‍ക്ക് അന്യമായിരിക്കും. മാത്രമല്ല, ഈയിടെ നീളമുള്ള വിധിന്യായങ്ങളാണ് പുറപ്പെടുവിക്കുന്നത്. അത് മനസിലാക്കുന്നതിനായി കേസ് നടത്തുന്നവര്‍ കൂടുതല്‍ കാശ് ചെലവാക്കേണ്ട അവസ്ഥയുമുണ്ട്.

പലപ്പോഴും സാധാരക്കാര്‍ക്ക് കോടതിയെയോ അധികാരികളെയോ സമീപിക്കുന്നതിന് ഭയമായിരിക്കും. എന്നാല്‍ ഒരാള്‍ കോടതിയെ സമീപിക്കുമ്പോള്‍ അയാള്‍ ജഡ്ജിയെയോ കോടതിയെയോ ഭയക്കാന്‍ പാടില്ല, സത്യം വിളിച്ചു പറയാന്‍ അയാള്‍ക്ക് കഴിയുന്ന സാഹചര്യമുണ്ടാവണമെന്നും എന്‍.വി രമണ പറഞ്ഞു.

കോടതി വ്യവഹാരങ്ങള്‍ കൂടുതല്‍ സൗഹൃദപരമാകേണ്ടത് ആവശ്യമാണെന്നും ഈ കാലത്ത് ചിന്തിക്കേണ്ടത് നിയമവ്യവഹാരങ്ങളിലെ മാറ്റത്തെക്കുറിച്ച് ആകണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in