സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് നല്‍കിയത് മഞ്ഞള്‍ ചേര്‍ത്ത ചോറ്; ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ഇങ്ങനെയൊക്കെയാണ്

സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് നല്‍കിയത് മഞ്ഞള്‍ ചേര്‍ത്ത ചോറ്; ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ഇങ്ങനെയൊക്കെയാണ്

സ്‌കൂള്‍ കുട്ടികള്‍ക്ക് മഞ്ഞള്‍ ചേര്‍ത്ത ചോറ് മാത്രം വിളമ്പി ഛത്തീസ്ഗഡിലെ സ്‌കൂള്‍. പച്ചക്കറികളോ പയര്‍വര്‍ഗ്ഗങ്ങളോ ഇല്ലാത്തതിനാല്‍ മഞ്ഞള്‍ മാത്രം ചേര്‍ത്ത ചോറ് കുട്ടികള്‍ക്ക നല്‍കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബല്‍റാംപൂര്‍ ജില്ലയിലെ ബിജാകുറ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. 43 കുട്ടികള്‍ക്കാണ് ഈ സ്‌കൂളില്‍ ഉച്ചഭക്ഷണം നല്‍കേണ്ടത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി പച്ചക്കറിയൊന്നും വാങ്ങാന്‍ കഴിയുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ചില ദിവസങ്ങളില്‍ ചോറും പരിപ്പും നല്‍കാനാകും. ചിലപ്പോള്‍ മഞ്ഞള്‍ മാത്രമിട്ട് വേവിച്ച ചോറ് മാത്രമേ കൊടുക്കാന്‍ കഴിയൂവെന്നും അധ്യാപകര്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് നല്‍കാനുള്ള ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഭവങ്ങളുടെ പട്ടിക സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അവ കടലാസില്‍ മാത്രം ഒതുങ്ങുകയാണ്.

ഉച്ചഭക്ഷണത്തിന് ആവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്യുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്തതിനെത്തുടര്‍ന്ന് സ്‌കൂളിലേക്ക് പച്ചക്കറികളൊന്നും ലഭിക്കുന്നില്ലെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. അതേ സമയം ഈ സ്‌കൂളില്‍ മാത്രമൊതുങ്ങുന്ന പ്രശ്‌നമല്ല ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംസ്ഥാനത്തെ അംഗന്‍വാടികള്‍ വഴി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമായി നല്‍കുന്ന പോഷകാഹാരത്തിന്റെ വിതരണവും ഒരാഴ്ചയിലേറെയായി നിലച്ചിരിക്കുകയാണ്. 52,474 അംഗന്‍വാടികളാണ് സംസ്ഥാനത്തുള്ളത്. ജൂലൈ മാസത്തില്‍ വിതരണം ചെയ്യാനുള്ള വിഭവങ്ങള്‍ ജൂണില്‍ എത്തേണ്ടതാണ്. എന്നാല്‍ തലസ്ഥാന ജില്ലയായ റായ്പൂരിലെ അംഗന്‍വാടികളില്‍ പോലും അവ എത്തിയിട്ടില്ല. 17.76 ശതമാനം കുട്ടികള്‍ സംസ്ഥാനത്ത് പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബഗല്‍ വിമര്‍ശനവുമായി രംഗത്തെത്തി. വളരെ മികച്ച രീതിയില്‍ നടന്നു വന്ന സംവിധാനത്തെ നിലവിലെ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പോഷകാഹാര വിതരണത്തിന് തടസമൊന്നും ഇല്ലെന്നാണ് സംസ്ഥാന ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി രാജ്‌വാഡെ പ്രതികരിച്ചത്. ഉത്തര്‍പ്രദേശില്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ചപ്പാത്തിക്കൊപ്പം ഉപ്പ് നല്‍കിയ സംഭവത്തിന് സമാനമാണ് ഛത്തീസ്ഗഡിലേത്.

Related Stories

No stories found.
logo
The Cue
www.thecue.in