കോണ്‍ഗ്രസ് എന്റെ കുടുംബം; ഇരുപത് വര്‍ഷത്തെ ഇടത് ബന്ധം ഉപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസില്‍

കോണ്‍ഗ്രസ് എന്റെ കുടുംബം; ഇരുപത് വര്‍ഷത്തെ ഇടത് ബന്ധം ഉപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസില്‍

ഇരുപത് വര്‍ഷത്തെ ഇടത് ബന്ധം ഉപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസില്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം അദ്ദേഹം നടത്തി. വാര്‍ത്ത സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രീയ ഗുരുവായ എ.കെ ആന്റണിയേയും ചെറിയാന്‍ ഫിലിപ്പ് കണ്ടു.

''കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഇന്നലെ ഔദ്യോഗികമായി എന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. ഇന്ന് രാവിലെ എന്റെ രാഷ്ട്രീയ ഗുരു എ.കെ. ആന്റണിയെ കണ്ട് അനുഗ്രഹം തേടി. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞാനെന്റെ കുടുംബത്തിലേക്ക്, തറവാട്ടിലേക്ക് മടങ്ങുകയാണ്.

ബി.ജെ.പി ഇതര രാഷ്ട്രീയകക്ഷികളില്‍ മഹാഭൂരിപക്ഷവും ഇപ്പോള്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന അവസ്ഥയാണ്. ഇന്ത്യ നേരിടുന്ന എല്ലാ വിപത്തുകളേയും നേരിട്ടുകൊണ്ട് ഒരു പുതിയ സംസ്‌ക്കാരം കേരളത്തിലും ഇന്ത്യയിലും ഉണ്ടാക്കുവാന്‍ അത് ആവശ്യമാണ്. കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കും. ഇന്ത്യ ജീവിക്കണമെങ്കില്‍ കോണ്‍ഗ്രസ് വേണം.

ഞാന്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. രാജ്യസ്നേഹമുള്ള വ്യക്തിയെന്ന നിലയില്‍, കോണ്‍ഗ്രസ് തന്നെ വീണ്ടും ഇന്ത്യയുടെ ഭരണത്തിലും രാഷ്ട്രീയമുന്നേറ്റത്തിലും വേണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുള്ളതുകൊണ്ടാണ് ജീവിതത്തിന്റെ സായാഹ്നത്തില്‍ വീണ്ടും കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുവാനുള്ള ചരിത്രപരമായ ദൗത്യത്തില്‍ ഞാനും പങ്കാളിയാകുന്നത്,'' ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പിന്റെ മടങ്ങിവരവ് പാര്‍ട്ടിക്ക് ഊര്‍ജം നല്‍കുമെന്ന് എ.കെ ആന്റണി പറഞ്ഞു. 20 വര്‍ഷം സി.പി.എമ്മില്‍ ഉണ്ടായിട്ടും പാര്‍ട്ടി അംഗത്വം എടുത്തില്ലെന്ന് എടുത്തുപറയേണ്ട കാര്യമാണെന്നും എ.കെ ആന്റണി പ്രതികരിച്ചു.

രാജ്യസഭാ സീറ്റ് നിഷേധിച്ചതുമുതലാണ് ചെറിയാന്‍ ഫിലിപ്പ് ഇടത് മുന്നണിയില്‍ നിന്ന് അകന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഖാദി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാതെ അദ്ദേഹം ഭിന്നത പരസ്യമാക്കിയിരുന്നു. സംസ്ഥാനത്തെ ദുരന്തനിവാരണത്തെ വിമര്‍ശിച്ച് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റുമിട്ടിരുന്നു.

എ.കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് ചെറിയാന്‍ ഫിലിപ്പിനെ തിരികെ കോണ്‍ഗ്രസിലെത്തിക്കാന്‍ ശ്രമം നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in