
ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം നല്‍കിയ കോടതി വിധിയ്‌ക്കെതിരെ ചെറിയാന്‍ ഫിലിപ്പ്. അതിക്രൂരവും ആസൂത്രിതവുമായി ഭാര്യ ഉത്രയെ കൊലചെയ്ത സൂരജിന് വധശിക്ഷ നല്‍കേണ്ടതായിരുന്നു എന്നാണ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്. ജീവപര്യന്തം സുഖവാസമാണ് എന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു.
ബുധനാഴ്ചയാണ് ഉത്ര കേസില്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്. 17 വര്‍ഷത്തെ തടവിന് പുറമെ ഇരട്ട ജീവപര്യന്തം ശിക്ഷയാണ് നല്‍കിയത്.
പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയതെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞിരുന്നു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് വിധി പ്രസ്താവിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് കേസെന്ന് വിധിപ്രഖ്യാപനത്തിനിടെ കോടതി നിരീക്ഷിച്ചു.
വിവിധ കുറ്റങ്ങളില്‍ പത്തും, ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചതിന് ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളൂ. ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിനും, അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുക്കാന്‍ ശ്രമിച്ചതിനുമാണ് ജീവപര്യന്തം തടവ്. വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം, തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷകള്‍. നഷ്ടപരിഹാരമായി നല്‍കുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.
വിധി പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികരണവുമായി ഉത്രയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. നീതി കിട്ടിയില്ലെന്നും, വിധിയില്‍ തൃപ്തരല്ലെന്നും ഉത്രയുടെ കുടുംബം പ്രതികരിച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
വിധിക്കെതിരെ ജസ്റ്റിസ് ബി.കെമാല്‍ പാഷ. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതി നിരീക്ഷിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമായിരുന്നു. പ്രതിയുടെ പ്രായവും, മുന്‍കാല ചരിത്രവും പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.