സി.പി.ഐ.എം ഒരു രാഷ്ട്രീയ വ്യക്തിത്വമായ തന്നെ നിഷ്‌ക്രിയമായി മൂലക്കിരുത്തിയെന്ന് കോണ്‍ഗ്രസിലെത്തിയതിന് പിന്നാലെ ചെറിയാന്‍ ഫിലിപ്പ്. പാര്‍ട്ടി പരിഗണന തന്നില്ലെന്ന് പറയുന്നില്ല, പക്ഷേ രാഷ്ട്രീയമായി തന്നെ ഉപയോഗപ്പെടുത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ചുറ്റും കുറേയാളുകളുണ്ടെന്നും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫായ സി.എം രവീന്ദ്രന്‍ സൂപ്പര്‍ സി.എം ആണെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. എ.കെ.ജി സെന്ററിന്റെയും സെക്രട്ടറിയേറ്റിന്റെയും , കൈരളി ടിവിയുടെയും വരാന്തയില്‍ ഇരുപത് വര്‍ഷം കഴിയേണ്ടി വന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.
ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്.
എനിക്ക് പരിഗണന തന്നില്ലെന്ന് ഞാന്‍ പറയുന്നില്ല, ഒരു രാഷ്്ട്രീയ വ്യക്തിത്വമായ എന്നെ നിഷ്‌ക്രിയമാക്കി മൂലക്കിരുത്തി. എ.കെ.ജി സെന്ററിന്റെ വരാന്തയിലും, സെക്രട്ടറിയേറ്റിന്റെ വരാന്തയിലും, കൈരളി ടിവിയുടെ വരാന്തയിലും എനിക്ക് ഇരുപത് വര്‍ഷം കഴിയേണ്ടി വന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് പരാതി പറയാത്ത ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകരുണ്ടോ. സി.എം രവീന്ദ്രന്‍ ഒരു സൂപ്പര്‍ സി.എമ്മായിരുന്നു. മുഖ്യമന്ത്രി ഇതുവരെ കാര്യങ്ങള്‍ മനസിലാക്കിയിട്ടില്ല. പാര്‍ട്ടിക്ക് പേഴ്‌സണല്‍ സ്റ്റാഫിനെ എടുക്കുന്നതില്‍ ചില മാനദണ്ഡങ്ങളുണ്ട്. ആ മാനദണ്ഡങ്ങള്‍ പൂര്‍ണമായും തെറ്റിച്ചു.
ബാക്കിയുള്ള ആളുകളെ പിരിച്ചുവിട്ടു. സി.എം രവീന്ദ്രന്‍ മാത്രം തുടരുന്നത് എന്തുകൊണ്ടാണ്. തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് പ്രത്യേകമായ ചില കാരണങ്ങളുണ്ട്. മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ഓഫീസ് അഴിച്ചുപണിയുക എന്നതാണ്.
ഞാന്‍ പിണറായി വിജയനോട് സ്‌നേഹമുള്ളയാളാണ് പിണറായി വിജയന്‍ നശിച്ചുകാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിണറായി വിജയന്‍ രണ്ടാമത് മുഖ്യമന്ത്രിയാകാന്‍ പരിശ്രമിച്ചയാളാണ് ഞാന്‍. ഞാന്‍ നടത്തിയ സേവനം അദ്ദേഹത്തിനറിയാം. അദ്ദേഹം അപകടത്തിലേക്ക് പോകുകയാണ്. അത് അവിടെ നിന്ന് കൊണ്ട് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷേ ഇപ്പോള്‍ പറയാം. പിണറായിക്ക് ചുറ്റും കുറേയാളുകളുണ്ട്. അത് മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടല്ലോ പറഞ്ഞെുകൂടെയെന്ന്. അവരോട് ഞാന്‍ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ പോയി പറയൂ എന്ന്.
സത്യം പറഞ്ഞാല്‍ മുഖ്യമന്ത്രി കലുഷിതമായൊരു വാക്ക് പോലും എന്നോട് പറഞ്ഞിട്ടില്ല. അങ്ങനെയുള്ളയാളാണ്. അദ്ദേഹത്തെ എന്തിന് പേടിക്കണം. എല്ലാം ശരിയാണെന്ന് വാഴ്ത്തുന്നവരുടെ സംഘത്തിലാണ് മുഖ്യമന്ത്രിയുള്ളത്. ആ വൈദാളികന്‍മാരില്‍ നിന്നും മുഖ്യമന്ത്രി പിന്മാറണം. അവരില്‍ നിന്ന് മുഖ്യമന്ത്രി രക്ഷപ്പെടണം. മുഖ്യമന്ത്രി വളരെ ശുദ്ധനായ മനുഷ്യനാണ്.