ചേക്കുട്ടി ടൂറിസം, മ്യൂസിയം, വസ്ത്രങ്ങള്‍; പ്രളയത്തെ അതിജീവിച്ച ചേക്കുട്ടി ഇനി ബ്രാന്‍ഡ് 

ചേക്കുട്ടി ടൂറിസം, മ്യൂസിയം, വസ്ത്രങ്ങള്‍; പ്രളയത്തെ അതിജീവിച്ച ചേക്കുട്ടി ഇനി ബ്രാന്‍ഡ് 

കഴിഞ്ഞ പ്രളയകാലത്തെ കേരളത്തിന്റെ അതിജീവന പ്രതീകമായ ചേക്കുട്ടി ഇനി തുണിപാവ മാത്രമല്ല, മ്യൂസിയവും ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഒപ്പം ടൂറിസം രംഗത്തും സാന്നിധ്യമാകാനൊരുങ്ങുകയാണ്. റെസിലിയന്റ് ചേന്ദമംഗലം എന്ന സാമൂഹിക സംരംഭത്തിലൂടെ പദ്ധതികള്‍ നടപ്പാക്കുകയാണ്. ചേന്ദമംഗലം കൈത്തറി എന്ന പേരിലുള്ള ഏഴ് നെയ്ത്തുശാലകളും യാണ്‍ ബോങ്കും ചേര്‍ന്നുള്ള സംരംഭമാണിത്. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലേക്ക് മാറുകയാണ് ചേക്കുട്ടി എന്ന പ്രത്യേകതയുമുണ്ട്. പാവകള്‍ കൂടാതെ ഷര്‍ട്ടുകളും സാരികളും കുട്ടിക്കുപ്പായങ്ങളും കീചേയ്‌നുകളും കുട്ടികള്‍ക്കുള്ള തലയണകളും ഈ ബ്രാന്‍ഡില്‍ വിപണിയിലെത്തും.

ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന്റെ പ്രത്യേകതകള്‍ പുറംലോകത്തിന് മനസിലാക്കുന്നതിനായുള്ള മ്യൂസിയവും ആരംഭിക്കും. കാലാവസ്ഥ വ്യതിയാനം, കേരളത്തിലുണ്ടായ പ്രളയം, അതിനെ അതിജീവിച്ചതെങ്ങനെ എന്നതെല്ലാം ഈ മ്യൂസിയത്തിലുണ്ടാകും. ചേക്കൂട്ടി കഫേയും ടൂറിസ്റ്റുകള്‍ക്കായി നിര്‍മ്മിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ സഹായവും പദ്ധതിക്കായി തേടിയിട്ടുണ്ട്.

ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് അനൂപ് കുമാറായിരിക്കും പുതിയ പദ്ധതിയുടെ അധ്യക്ഷന്‍. ടൂറിസം പദ്ധതിക്കായി ചേന്ദമംഗലത്തെ പ്രധാന കേന്ദ്രങ്ങളില്‍ ബോട്ടുകളും കയാക്കുകളും ഉണ്ടാകും. പ്രളയം ഉണ്ടായ സ്ഥലങ്ങളില്‍ യാത്ര ചെയ്ത് അനുഭവവും അതിജീവനവും മനസിലാക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.

കഴിഞ്ഞ പ്രളയത്തില്‍ ചേന്ദമംഗലത്തെ നശിച്ച കൈത്തറി തുണികളെ വരുമാന മാര്‍ഗ്ഗമാക്കി മാറ്റുന്നതിനായാണ് ചേക്കുട്ടി പാവകള്‍ നിര്‍മ്മിച്ച് തുടങ്ങിയത്. ചേറുപുരണ്ട ചേക്കുട്ടി അതിജീവന മാതൃകയായി പിന്നീട് മാറി. ഒമ്പത് രാജ്യങ്ങളിലായി അമ്പതിനായിരം പേരുടെ പിന്തുണ ചേക്കുട്ടിക്ക് ലഭിച്ചു. ഓണ്‍ലൈന്‍ വില്‍പ്പന വഴി 41 ലക്ഷം രൂപ ലഭിച്ചു. നൂറ്റി നാല്പത് രാജ്യങ്ങളില്‍ ചേക്കുട്ടിയെ എത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് സ്ഥാപകരായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in