എസ്ഡിപിഐ വെട്ടിക്കൊന്നതാണെന്ന് ഉറക്കെപ്പറയണം സാര്‍, മുല്ലപ്പള്ളിയോട് കെഎസ്‌യു നേതാവ്

എസ്ഡിപിഐ വെട്ടിക്കൊന്നതാണെന്ന് ഉറക്കെപ്പറയണം സാര്‍, മുല്ലപ്പള്ളിയോട് കെഎസ്‌യു നേതാവ്

കണ്ണൂരും ചാവക്കാട്ടുമായി അടുത്തടുത്ത ദിവസങ്ങളില്‍ എസ് ഡി പി ഐ ആക്രമണത്തില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ഇരുപാര്‍ട്ടികളും വേണ്ടവിധം പ്രതികരിച്ചില്ലെന്ന പരാതിക്ക് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യവിമര്‍ശനവുമായി കെ എസ് യു നേതാവ്. തൃശൂര്‍ ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ വെട്ടിക്കൊന്ന സംഭവത്തിലാണ് കെ എസ് യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ കെപിസിസി അധ്യക്ഷനെതിരെ പൊട്ടിത്തെറിച്ചത്.

ചാവക്കാട്ടെ കോണ്‍ഗ്രസിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡന്റുമായ നൗഷാദിനെ എസ്ഡിപിഐ എന്ന വര്‍ഗീയ സംഘടനയില്‍ പെട്ടവര്‍ കൊന്നതതാണ്, അവരില്‍ വെട്ടേറ്റ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയാണ് എസ് ഡി പി ഐ ആണ് പിന്നിലെന്നത്. പ്രവര്‍ത്തകരെ കൊലക്കത്തിക്ക് വിട്ടുകൊടുക്കാതെ രക്തസാക്ഷിയായതാണ്. കൊന്നതാണ്,സുഡാപ്പി വെട്ടിക്കൊന്നതാണെന്ന് ഉറക്കെപ്പറയണം എന്ന് മുല്ലപ്പള്ളി രാമചന്ദ്രനോട് ഹാരിസ് മുതൂര്‍ പറയുന്നു. പ്രവര്‍ത്തകരെ സംരക്ഷിക്കണമെന്നും മുല്ലപ്പള്ളിയോട് ഹാരിസ് പറയുന്നു.

ഹാരിസ് മുതൂര്‍
ഹാരിസ് മുതൂര്‍

ബഹു KPCC പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയാന്‍,

ചാവക്കാട് കോണ്‍ഗ്രസ്സിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡണ്ടും ആയിരുന്ന പ്രിയ സഹപ്രവര്‍ത്തകന്‍ നൗഷാദിനെ കൊന്നതാണ്, കൊലയാളികള്‍ SDPI എന്ന വര്‍ഗീയ സംഘടനയില്‍പ്പെട്ടവരാണ്, മൊത്തം നാലു പേരെയാണ് സര്‍ വെട്ടിയത്, അവര്‍ 14 പേരുണ്ടായിരുന്നു,വെട്ടു കൊണ്ട നമ്മുടെ പ്രവര്‍ത്തകരുടെ മൊഴിയാണ് സര്‍ അവര്‍ SDPI എന്നത്, താങ്കള്‍ കുടുംബനാഥനാണ് സര്‍ കോണ്‍ഗ്രസ്സ് എന്ന നമ്മുടെ കുടുംബത്തിലെ കുടുംബനാഥന്‍, രക്തസാക്ഷിയായത് പാര്‍ട്ടിക്കുവേണ്ടിയാണ്, മൂവര്‍ണ്ണക്കൊടി പിടിച്ച് പോരാടിയതിന്റെ പേരിലാണ്, പ്രവര്‍ത്തകരെ സംരക്ഷിച്ചതിന്റെ പേരിലാണ്, പ്രവര്‍ത്തകരെ കൊലക്കത്തിക്ക് വിട്ടുകൊടുക്കാതെ രക്തസാക്ഷിയായതാണ്.

പ്രതികരിക്കണം സര്‍ പ്രതിഷേധിക്കണം വളരെ ശക്തമായി, പ്രവര്‍ത്തകരുടെ വികാരമാണ് സര്‍.അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്.

പിണറായിക്കു സ്തുതി പാടുന്ന സി പി എമ്മിന്റെ അടിമകളെ പോലയല്ല ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍, ഞങ്ങളുടെ വികാരം മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ പ്രവര്‍ത്തകരെ സംരക്ഷിക്കണമെന്ന അഭ്യാര്‍ത്ഥനയോടെ.,

ഹാരിസ് മുതൂര്‍

KSU മലപ്പുറം ജില്ലാ പ്രസിഡണ്ട്

വർഗ്ഗീയ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് ധീരനായ ഒരു പോരാളിയെക്കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. ചാവക്കാട് പുന്ന നൗഷാദ് എന്ന ചെറുപ്പക്കാരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐക്കാർ ഭീകരതയുടെ തുടർ അധ്യായങ്ങൾ രചിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് ഒരു മുൻ മുസ്ലിം ലീഗ് പ്രവർത്തകനെ ഇതേ കൂട്ടർ കൊത്തിനുറുക്കിയത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതികളെപ്പോലും പിടികൂടാൻ പോലീസിന് ഇതുവരെ കഴിയാത്തതാണ് ഈ നിലയിൽ എസ്ഡിപിഐക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കാൻ ഇടവരുത്തിയത്.മികച്ച സംഘാടകനും ഉശിരുള്ള പോരാളിയുമായിരുന്നു നൗഷാദ് എന്നതിൽ പ്രദേശത്തെ ഇതര രാഷ്ട്രീയ പ്രവർത്തകർക്കു വരെ എതിരഭിപ്രായമില്ല. വർഗീയ സംഘടനകൾക്ക് വളരാനിടമനുവദിക്കാതെ ചെറുപ്പക്കാരെ മതേതരപക്ഷത്ത് ഉറപ്പിച്ചു നിർത്തുന്നതിൽ വലിയ പങ്കാണ് അദ്ദേഹം നിർവ്വഹിച്ചു പോന്നത്. കായിക മേഖലയിലും സാംസ്ക്കാരിക മേഖലയിലുമൊക്കെ സജീവമായി ഇടപെട്ടുകൊണ്ടാണ് നൗഷാദ് ഇത് സാധ്യമാക്കിയത്. മത തീവ്രവാദികളുടെ കണ്ണിൽ കരടായി മാറിയതിനും പുറകിൽ ഇതേ കാരണങ്ങളാണ്.നൗഷാദിന്റെ കൊലപാതകികൾ എത്രയും വേഗം നിയമത്തിന് മുന്നിൽ വരണം. അതുറപ്പു വരുത്താൻ സർക്കാരിനും പോലീസിനും ബാധ്യതയുണ്ട്.രക്തസാക്ഷിയായ സഹപ്രവർത്തകന് ആദരാഞ്ജലികൾ  

വി ടി ബല്‍റാം 

കോൺഗ്രസ് പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയതിന്റെ പേരിൽ മറ്റൊരു പ്രവർത്തകനുകൂടി ജീവൻ നഷ്ട്ടമായിരിക്കുന്നു. ജോസഫ് മാഷിന്റെ കൈവെട്ടിയ, അഭിമന്യുവിന്റെ ജീവനെടുത്ത അതേ തീവ്രവാദികൾ തന്നെയാണ് ഈ ദാരുണമായ കൊലപാതകത്തിന് പിന്നിലും എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്, എതിർത്ത് നിൽക്കുന്നവനെ പറിച്ചെറിയുക എന്ന എസ്.ഡി.പി.ഐ തീവ്രവാദികളുടെ നെറികെട്ട രാഷ്ട്രീയത്തിനെതിരെ സർക്കാർ ശക്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂ,എസ്എഫ്ഐ നേതാവിനെ കുത്തിയ പ്രതിയെ പോലും പിടിക്കാൻ കഴിയാത്ത പിണറായി സർക്കാർ ഈ തീവ്രവാദികൾക്കെതിരെ ഇനി എന്ത് നടപടി എടുക്കും എന്നതും ചോദ്യചിഹ്നമായി മാറുകയാണ്,

ഡീന്‍ കുര്യാക്കോസ് 

എസ് ഡി പി ഐ കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. നൗഷാദിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്നും പോലീസിന്റെ ജാഗ്രത കുറവ് പരിശോധിക്കുമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി എസ്ഡിപിഐ ആണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞിട്ടും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എസ്ഡിപിഐക്കെതിരെ സംസാരിക്കാതിരുന്നത് കനത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. എസ്ഡിപിഐ എന്ന നാലക്ഷരമുള്ള ആസിഡിനെക്കുറിച്ച്, ഈ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് നേതൃത്വം പ്രതികരിക്കാത്തതിനെതിരെ, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്ത കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in