‘നോട്ടുകളുടെ വലുപ്പവും നിറവും ഇടയ്ക്കിടെ മാറ്റുന്നത് ശരിയായ കാര്യമല്ല’ ; റിസര്‍വ് ബാങ്കിനോട് കാരണം ബോധിപ്പിക്കാന്‍ ബോംബെ ഹൈക്കോടതി

‘നോട്ടുകളുടെ വലുപ്പവും നിറവും ഇടയ്ക്കിടെ മാറ്റുന്നത് ശരിയായ കാര്യമല്ല’ ; റിസര്‍വ് ബാങ്കിനോട് കാരണം ബോധിപ്പിക്കാന്‍ ബോംബെ ഹൈക്കോടതി

കറന്‍സി നോട്ടുകളുടെയും നാണയങ്ങളുടെയും വലുപ്പവും മറ്റ് ഘടകങ്ങളും ഇടയ്ക്കിടയ്ക്ക് മാറ്റുന്നത് എന്തിനാണെന്ന് ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി. പുതിയ നോട്ടുകളും നാണയങ്ങളും കാഴ്ചശക്തിയില്ലാത്തവര്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് റിസര്‍വ് ബാങ്കിനോട് രണ്ടാഴ്ചയ്ക്കകം കാരണം വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് ജസ്റ്റില് ഭാരതി ഡാന്‍ േ്രഗ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് നിരീക്ഷണം. ആഗസ്റ്റ് 1ന് ഹര്‍ജി പരിഗണിച്ച കോടതി സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ കണക്കുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും ആര്‍ബിഐ ഇന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ ഡാറ്റയല്ല കാരണമാണ് വേണ്ടതെന്നായിരുന്നു കോടതിയുടെ മറുപടി.

ഞങ്ങള്‍ക്ക് ഒരു കണക്കുകള്‍ വേണ്ട, ഞങ്ങള്‍ക്ക് എന്തുകൊണ്ടാണ് നോട്ടുകളുടെയും നാണയങ്ങളുടെയും വലുപ്പവും നിറവും മറ്റ് ഘടകങ്ങളും ഇടയ്ക്കിടക്ക് മാറ്റുന്നത് എന്ന കാരണം അറിഞ്ഞാല്‍ മതി.വിഷയം മുക്കിക്കളയാന്‍ ശ്രമിക്കരുത്. റിസര്‍വ് ബാങ്കിന് അധികാരവും നിയന്ത്രണവുമുണ്ടന്നത് കൊണ്ട് മാത്രം അവ കരുതലില്ലാതെ ഉപയോഗിക്കാമെന്നല്ല.

ബോംബെ ഹൈക്കോടതി

ആര്‍ബിഐ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനായി കൂടുതല്‍ സമയം ആവശ്യപ്പെടുന്നത് തന്നെ നോട്ടുകളും നാണയങ്ങളും മാറ്റുന്നതിന് വ്യക്തമായ കാരണമില്ലാത്തത് കൊണ്ടാണെന്നും കോടതി പറഞ്ഞു. എന്തെങ്കിലും കാരണമുണ്ടായിരുന്നുവെങ്കില്‍ ആദ്യത്തെ തവണ തന്നെ കോടതിയെ അറിയിച്ചേനെയെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഇത് ശരിയായ കാര്യമല്ല. കാഴ്ചശക്തിയില്ലാത്ത ഒരാള്‍ വര്‍ഷങ്ങള്‍ എടുത്തായിരിക്കും കറന്‍സി നോട്ടുകളും നാണയങ്ങളും തിരിച്ചറിയാന്‍ പഠിക്കുന്നത്. പക്ഷേ അടുത്ത ദിവസം തന്നെ റിസര്‍വ് ബാങ്ക് അവ മാറ്റുന്നുവെന്ന് ചീഫ് ജസ്റ്റിസ് നന്ദ്രജോഗ് പറഞ്ഞു.

കള്ളനോട്ട് കാരണമാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നതെന്ന് ആര്‍ബിഐ പറയുന്നു. പക്ഷേ ആ വാദത്തിന് പ്രസക്തിയില്ലെന്ന് നോട്ട് നിരോധനത്തിന് ശേഷം ആര്‍ബിഐയുടെ കണക്കുകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. നിരോധിച്ച നോട്ടുകളെല്ലാം തിരിച്ചു വന്നുവെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in