കെ ഫോണിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി; കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍സ് മന്ത്രാലയം ഉത്തരവിറക്കിയെന്ന് മുഖ്യമന്ത്രി

കെ ഫോണിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി; കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍സ് മന്ത്രാലയം ഉത്തരവിറക്കിയെന്ന് മുഖ്യമന്ത്രി

കെ ഫോണിന് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍സ് മന്ത്രാലയം ഉത്തരവായി. പദ്ധതിയ്ക്കുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ പ്രകാരം കെ ഫോണിന് ഫൈബര്‍ ഒപ്റ്റിക് ലൈനുകള്‍ (ഡാര്‍ക്ക് ഫൈബര്‍), ഡക്ട് സ്‌പേസ്, ടവറുകള്‍, നെറ്റ്വര്‍ക്ക് ശൃംഖല, മറ്റ് ആവശ്യ സംവിധാനങ്ങള്‍ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിര്‍ത്താനും അറ്റകുറ്റപണികള്‍ നടത്താനും ഇവ ടെലികോം സര്‍വീസ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാടകയ്ക്കോ ലീസിനോ നല്‍കുവാനും അല്ലെങ്കില്‍ വില്‍ക്കുവാനുമുള്ള അധികാരമുണ്ടാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സ്വകാര്യ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. വൈദ്യുതി, ഐ.ടി വകുപ്പുകള്‍ വഴി എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കെ ഫോണ്‍ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റല്‍ ഡിവൈഡിനെ മറികടക്കാന്‍ സഹായകമാവും.

ഇന്റര്‍നെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി. അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേന്മയോടുകൂടിയും പരമാവധി പേര്‍ക്ക് ലഭ്യമാക്കുന്ന ഈ പദ്ധതി ടെലികോം മേഖലയിലെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ഇടതുസര്‍ക്കാരിന്റെ ജനകീയ ബദല്‍കൂടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in