
കേരളത്തില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ച സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര മെഡിക്കല്‍ സംഘം തിരുവനന്തപുരത്ത്. ഇന്നലെ രാത്രിയോടെയാണ് കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തിയത്. നിലവില്‍ ആരോഗ്യ ഡയറക്ട്രേറ്റില്‍ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണ്. നാഷണല്‍ ഫോര്‍ സെന്റര്‍ ഡിസീസ് കണ്ട്രോളിന്റെ ജോയന്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള നാല് അംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.
ആരോഗ്യ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മങ്കി പോക്‌സ് ബാധിച്ച രോഗി ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. പിന്നീട് രോഗിയെ ചികിത്സിക്കുന്ന സംഘവുമായും ചര്‍ച്ച നടത്തും.
അതിന് ശേഷം ആരോഗ്യ മന്ത്രി, ആരോഗ്യ സെക്രട്ടറി എന്നിവരുമായി മെഡിക്കല്‍ സംഘം കൂടിക്കാഴ്ച്ച നടത്തും. രോഗ വ്യാപനം തടയുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നായിരിക്കും മെഡിക്കല്‍ സംഘടം ചര്‍ച്ച ചെയ്യുന്നത്.
ജൂലൈ 12ന് യു.എ.ഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിക്കുന്ന മങ്കി പോക്‌സ് കേസാണിത്.