ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; മറുപടി നല്‍കാന്‍ വീണ്ടും സമയമാവശ്യപ്പെട്ട് കേന്ദ്രം

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി;  മറുപടി നല്‍കാന്‍ വീണ്ടും സമയമാവശ്യപ്പെട്ട് കേന്ദ്രം

ഹിന്ദുക്കള്‍ എണ്ണത്തില്‍ കുറവായ സംസ്ഥാനങ്ങളില്‍ ഹിന്ദു വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയില്‍ അനുബന്ധ ചര്‍ച്ചകള്‍ നടത്തുന്നതിനായി കൂടുതല്‍ സമയം അനുവദിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഗൗരവവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന വിഷയമായതിനാല്‍ സമയം കൂടുതല്‍ അനുവദിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യം. ബിജെപി നേതാവ് കൂടിയായ അഡ്വ. അശ്വിനി കുമാര്‍ ഉപാധ്യായയും മറ്റുള്ളവരും സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രം വീണ്ടും സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുവരെ പതിനാല് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളും വിഷയത്തില്‍ അഭിപ്രായമറിയിച്ചിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്ക് വേഗത്തില്‍ അഭിപ്രായമറിയിക്കാന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കേന്ദ്രം ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അറിയിച്ചു. അതാത് സംസ്ഥനത്തെ നിയമ, ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്തി. ദേശീയ ന്യൂനപക്ഷ കമ്മീഷനുമായും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്താന്‍ മിക്ക സംസഥാനങ്ങളും കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ പ്രത്യാഘാതമുണ്ടാക്കുന്ന വിഷയമായതിനാല്‍ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി മാത്രമേ അന്തിമ തീരുമാനത്തില്‍ എത്താനാകൂ എന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. പഞ്ചാബ്, മിസോറാം, മേഘാലയ, മണിപ്പൂര്‍, ഒഡീഷ, ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഗോവ, പശ്ചിമ ബംഗാള്‍, ത്രിപുര, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട് എന്നീ സംസഥാനങ്ങളാണ് ഇതുവരെ തീരുമാനമറിയിച്ചത്.

2014ല്‍ ജൈന മതക്കാര്‍ക്ക് കേന്ദ്രം ന്യൂനപക്ഷ പദവി നല്‍കിയിരുന്നു. എന്നാല്‍ അന്ന് വാദം കേള്‍ക്കവേ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് അഡ്വ. അശ്വിനി കുമാര്‍ ഉപാധ്യായക്ക് വേണ്ടി ഹാജരായ അഡ്വ. വികാസ് സിംഗ് പറഞ്ഞത്, കേന്ദ്ര സര്‍ക്കാറിന് ഇത്തരത്തിലൊരു നോട്ടിഫിക്കേഷന്‍ പുറത്തിറക്കാന്‍ കഴിയില്ല എന്നായിരുന്നു. രാജ്യത്ത് ഇനിയാര്‍ക്കും ന്യനപക്ഷ പദവി നല്‍കാന്‍ കഴിയില്ലെന്ന 2002-ലെ ടി.എം.എ പായ് കേസിലെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയെ ചൂണ്ടിക്കാണിച്ച് ഹരജിക്കാര്‍ വാദിച്ചു.

2020 ഓഗസ്റ്റില്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചെങ്കിലും തക്കസമയത്ത് മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ നല്‍കിയ മറുപടി 7,500 രൂപ പിഴയിട്ട് സുപ്രീംകോടതി തള്ളിയിരുന്നു. ശേഷം മാര്‍ച്ച് 25 ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അതാത് സംസ്ഥാനത്തെ ന്യൂനപക്ഷ പദവി നിശ്ചയിക്കാന്‍ അധികാരമുണ്ട് എന്ന് കേന്ദ്രം അറിയിച്ചു. ഇത് വിമര്‍ശനത്തിന് പാത്രമായതോടെ മെയ് 9ന് മറ്റൊരു സത്യവാങ്മൂലം സമര്‍പ്പിക്കുകയും ന്യൂനപക്ഷ പദവി നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് മാത്രമേ കഴിയൂ എന്നും ഭാവിയില്‍ പ്രത്യാഘാതമുണ്ടാക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും അറിയിച്ചു. നിലപാടിലെ ഈ മലക്കം മറിച്ചില്‍ ജസ്റ്റിസ് എസ്. കെ കൗള്‍ തലവനായ ബെഞ്ചിന്റെ വിമര്‍ശനത്തിന് കാരണമായെങ്കിലും ചര്‍ച്ചകള്‍ക്കായി സമയം അനുവദിച്ചു. തുടര്‍ന്ന് ഓഗസ്റ്റ് 9 ന് സമര്‍പ്പിച്ച മൂന്നാമത്തെ സത്യവാങ്മൂലത്തില്‍ എട്ട് സംസ്ഥാനങ്ങളുമായും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചര്‍ച്ച നടത്തിയെന്നും എന്നാലവര്‍ അന്തിമ തീരുമാനമറിയിക്കാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ടെന്നും അറിയിച്ചു. ഇത് അംഗീകരിച്ച കോടതി കേന്ദ്ര സര്‍ക്കാരിന് ആറ് ആഴ്ചത്തെ കൂടി സമയം അനുവദിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in