ബലാത്സംഗമായാല്‍ പോലും ഗര്‍ഭച്ഛിദ്രം നടത്തുന്നത് അന്യായം, ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ

ബലാത്സംഗമായാല്‍ പോലും ഗര്‍ഭച്ഛിദ്രം നടത്തുന്നത് അന്യായം, ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ. നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് ദീപിക പത്രത്തില്‍ വന്ന ലേഖനത്തില്‍ ആവശ്യപ്പെടുന്നത്. 'ഗര്‍ഭച്ഛിദ്രം മനുഷ്യന്റെ മേലുള്ള ഭീകരാക്രമണം' എന്ന ലേഖനം എഴുതിയിരിക്കുന്നത് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടമാണ്.

ബലാത്സംഗം സംഭവിച്ചാല്‍ പോലും ഗര്‍ഭച്ഛിദ്രത്തെ ന്യായീകരിക്കാനാവില്ലലെന്ന വിചിത്രവാദമാണ് കത്തോലിക്ക സഭ ഉന്നയിക്കുന്നത്. 24 ആഴ്ച വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്ന നിയമം അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനം.

''ദേദഗതികളുടെ പ്രാബല്യത്തിലായിരിക്കുന്ന പുതിയ ഗര്‍ഭച്ഛിദ്ര നിയമത്തിലൂടെ ഗര്‍ഭഛിദ്രം കൂടുതല്‍ എളുപ്പവും അതിനുള്ള സാധ്യതകള്‍ കൂടുതല്‍ വിപുലവുമാക്കിയിരിക്കുന്നു. ഓരോ ഇന്ത്യന്‍ പൗരന്റെയും ജീവനും മൗലിക അവകാശങ്ങള്‍ക്കും സംരക്ഷണം വാഗ്ദാനം ചെയ്യുന്ന പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യ പ്രഖ്യാപിക്കപ്പെട്ടതിന്റെ 72ാം വര്‍ഷമാണ് വര്‍ഷംതോറും കോടിക്കണക്കിന് ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്‍ നശിപ്പിക്കുന്നതിന് വഴിയൊരുക്കിക്കൊണ്ട് പുതിയ ഗര്‍ഭച്ഛിദ്ര ഭേദഗതി നിയമം നടപ്പിലാക്കിയിരിക്കുന്നത്,' എന്നാണ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. മനുഷ്യജീവന്‍ നശിപ്പിക്കുന്നതിനെ സാധൂകരിക്കുന്ന ഗര്‍ഭച്ഛിദ്ര നയമത്തില്‍ ഗൗരവമേറിയ ധാര്‍മിക പ്രശ്‌നമുണ്ടെന്നും മനുഷ്യജീവന് മനഃപൂര്‍വ്വം ഹാനിവരുത്തുന്ന ഏതൊരു പ്രവൃത്തിയും തെറ്റാണെന്ന അടിസ്ഥാന തത്വം ഇവിടെ ലംഘിക്കപ്പെടുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

വിവാഹേതര ബന്ധം മൂലമോ ബലാത്സംഗത്താലോ ജനനനിയന്ത്രണോപാധികള്‍ പരാജയപ്പെട്ടതുകൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ അവിഹിത ഗര്‍ഭമാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും ലേഖനത്തില്‍ പറയുന്നു.

ആരോഗ്യപരമായ കാരണങ്ങളുടെ പേരിലും ഗര്‍ഭസ്ഥശിശുവിനെ ഇല്ലായ്മ ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ലേഖനത്തില്‍ പറയുന്നു. മനുഷ്യജീവന് മഹത്വവും വിലയും കല്‍പിക്കുന്നുണ്ടെങ്കില്‍ കേന്ദ്രം നിയമം പിന്‍വലിക്കണമെന്നാണ് കത്തോലിക്ക സഭ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in