രമ്യഹരിദാസ് ഉള്‍പ്പെട്ട വിവാദം; വിടി ബല്‍റാമടക്കം ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

രമ്യഹരിദാസ് ഉള്‍പ്പെട്ട വിവാദം; വിടി ബല്‍റാമടക്കം ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

പാലക്കാട്: രമ്യ ഹരിദാസ് എം.പി, വിടി ബല്‍റാം തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്ന ആരോപണത്തില്‍ വിടി ബല്‍റാം, പാളയം പ്രദീപ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചു എന്നതിലാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്.

പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടുണ്ട്. കയ്യേറ്റം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ആലത്തൂര്‍ എംപി രമ്യഹരിദാസ്, തൃത്താല മുന്‍ എം.എല്‍.എ വിടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് തുടങ്ങിയവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ആരെയും ടാര്‍ഗറ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എം.പി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളായതുകൊണ്ട് മാത്രമാണ് ചോദ്യം ചെയ്തതെന്നും സനുഫ് പ്രതികരിച്ചിരുന്നു.

'' അവര്‍ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. ഞാനവരുടെ ദേഹത്ത് ഒരു ചെറുവിരലു പോലും തൊട്ടിട്ടില്ല. കൈയില്‍ കയറി പിടിച്ചുവെന്നാണ് എം.പി ഇപ്പോള്‍ പറയുന്നത്. അത് ശരിയല്ല.

ഞാന്‍ എംപിയെ ഫോളോ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു എന്ന ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്. അതും ശരിയല്ല. ഓര്‍ഡര്‍ വന്നത് കൊണ്ട് മാത്രമാണ് അവിടെ പോയത്. അതിന്റെ തെളിവുകളും എന്റെ കയ്യില്‍ ഉണ്ട്,'' എന്നയിരുന്നു സനുഫിന്റെ പ്രതികരണം. അതേസമയം താന്‍ പാര്‍സല്‍ വാങ്ങാനാണ് ഹോട്ടലില്‍ ഇരുന്നത്. സര്‍ജറി കഴിഞ്ഞ് കാലിന് പ്രശ്‌നമുള്ളതുകൊണ്ടും മഴയായതിനാലും അകത്ത് കയറി ഇരിക്കുകയായിരുന്നെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചിരുന്നു. യുവാവ് കൈക്ക് കയറി പിടിച്ചുവെന്നും രമ്യ ആരോപിച്ചിരുന്നു. ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ രമ്യയുടെ ആരോപണം വിവാദമാകുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in