വാഗമണ്‍ ഓഫ് റോഡ് റേസ്; ജോജു ജോര്‍ജിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

വാഗമണ്‍ ഓഫ് റോഡ് റേസ്; ജോജു ജോര്‍ജിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

വാഗമണ്‍ ഓഫ് റോഡ് റേസില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്. ജോജുവിന് പുറമെ സ്ഥലം ഉടമക്കും സംഘാടകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.

നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. വാഹനത്തിന്റെ രേഖകള്‍ സഹിതം ആര്‍.ടി.ഒയ്ക്ക് മുന്നില്‍ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് ജോജു ജോര്‍ജിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

ജോജു ജോര്‍ജ് ഓഫ് റോഡില്‍ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ജോജുവിനെതിരെ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടന് നോട്ടീസ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.

അപകടങ്ങള്‍ കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ ഓഫ് റോഡ് വിനോദങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ ജില്ലയില്‍ ഓഫ് റോഡ് റേസ് നടത്താന്‍ പാടുള്ളു. ഇത് ലംഘിച്ചതിനാലാണ് നിലവില്‍ ജോജുവിനെതിരെ കേസെടുത്തിരിക്കുന്നത്.