കലാപ ആഹ്വാനം, പ്രകോപനപരമായ മുദ്രാവാക്യം; വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ്

കലാപ ആഹ്വാനം, പ്രകോപനപരമായ മുദ്രാവാക്യം; വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ്

ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഹിന്ദു ഐക്യവേദി നടത്തിയ പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിലാണ് കേസ്.

കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍, മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കുക തുടങ്ങി പ്രധാനപ്പെട്ട വകുപ്പുകള്‍ ചേര്‍ത്താണ് വത്സന്‍ തില്ലങ്കേരിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്തത്.

കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്‌റ്റേഡിയം കോര്‍ണര്‍ വരെയാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. സമാപനത്തില്‍ വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് കേസ് എടുത്തത്. ആര്‍.എസ്.എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വെല്ലുവിളി ആര്‍.എസ്.എസ് സ്വീകരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കൂടിയായ വത്സന്‍ തില്ലങ്കേരി പറഞ്ഞിരുന്നു.

പ്രകോപനപരമായ പ്രസംഗം ഉണ്ടാകില്ലെന്നായിരുന്നു പ്രകടനത്തിന് മുമ്പ് പൊലീസിനെ അറിയിച്ചിരുന്നത്. ഇത് ലംഘിച്ചതാണ് കേസെടുക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു മുഴക്കിയത്.

മുഖ്യമന്ത്രിക്കെതിരെയും പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു മുഴക്കിയത്.

The Cue
www.thecue.in