കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി, കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് അടക്കമുള്ള രാസവസ്തുക്കള്‍; സംഭവിച്ചതെന്ത്?

കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി, കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് അടക്കമുള്ള രാസവസ്തുക്കള്‍; സംഭവിച്ചതെന്ത്?
Published on

കൊച്ചി തീരത്തിന് 70 കിലോമീറ്റര്‍ അകലെ ആഴക്കടലില്‍ അപകടത്തില്‍ പെട്ട ചരക്ക് കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി. ലൈബീരിയന്‍ കപ്പലായ എംഎസ്‌സി എല്‍സ 3 ആണ് അപകടത്തില്‍ പെട്ടത്. ഞായറാഴ്ച രാവിലെ 7.50ന് കപ്പല്‍ മുങ്ങിയതായി കേന്ദ്ര പ്രതിരോധ മന്ത്രാലയലം സ്ഥിരീകരിച്ചു. കപ്പലിലെ 24 ജീവനക്കാരില്‍ 21 പേരെ കോസ്റ്റ് ഗാര്‍ഡും മൂന്ന് പേരെ നാവിക സേനയുമാണ് രക്ഷപ്പെടുത്തിയത്. 640 കണ്ടെയ്‌നറുകളായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഇവയില്‍ 13 എണ്ണത്തില്‍ അപകടരമായ വസ്തുക്കളാണ് ഉള്ളതെന്ന് സ്ഥിരീകരിച്ചു. 12 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡാണ് ഉള്ളത്. കപ്പലില്‍ ഇന്ധനമായി 84.44 ടണ്‍ ഡീസലും 367.1 ടണ്‍ ഫര്‍ണസ് ഓയിലും നിറച്ചിട്ടുണ്ട്. കേരള തീരത്തെ ആവാസ വ്യവസ്ഥയുടെ പ്രത്യേകത പരിഗണിച്ച് എണ്ണച്ചോര്‍ച്ച മൂലമുണ്ടാകുന്ന മലിനീകരണം തടയാന്‍ അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ കോസ്റ്റ് ഗാര്‍ഡ് സ്വീകരിച്ചതായും മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതുവരെ എണ്ണച്ചോര്‍ച്ച കണ്ടെത്തിയിട്ടില്ലെന്നും കോസ്റ്റ് ഗാര്‍ഡ് കപ്പലായ സക്ഷം ചോര്‍ച്ച തടയാനുള്ള സജ്ജീകരണങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു. കോസ്റ്റ് ഗാര്‍ഡ് വിമാനങ്ങളും നിരീക്ഷണം നടത്തി വരികയാണ്. എന്നാൽ മുങ്ങിയ കപ്പലിൽ നിന്ന് നേരിയ തോതിൽ ഇന്ധനം കടലിൽ പടരുന്നുണ്ടെന്നാണ് സൂചന.

സംഭവിച്ചതെന്ത്?

വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ശനിയാഴ്ച ഉച്ചയ്ക്ക് 1.25 ഓടെയാണ് അപകടമുണ്ടായത്. കപ്പല്‍ ഒരു വശത്തേക്ക് ചെരിയുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ കപ്പലില്‍ നിന്ന് കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. അവയ്ക്കുള്ളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. കണ്ടെയ്‌നറുകളില്‍ എന്താണ് ഉള്ളതെന്ന വിവരം ആദ്യ ഘട്ടത്തില്‍ പുറത്തു വിട്ടിരുന്നില്ല. തീരത്ത് കണ്ടെയ്‌നറുകള്‍ അടിയുകയാണെങ്കില്‍ അവയുടെ സമീപത്ത് ആരും പോകരുതെന്ന് മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

24 ജീവനക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ടതായി കപ്പലില്‍ നിന്നുള്ള സന്ദേശം ശനിയാഴ്ച കൊച്ചിയിലെ കോസ്റ്റ് ഗാര്‍ഡിന്റെ മാരിടൈം റെസ്‌ക്യൂ സബ് സെന്ററില്‍ ലഭിച്ചതോടെ തുടര്‍ നടപടികള്‍ ആരംഭിച്ചു. നിരീക്ഷണത്തിനായി ഡോണിയര്‍ വിമാനം പുറപ്പെട്ടു. രണ്ട് ലൈഫ് റാഫ്റ്റുകളിലായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ജീവനക്കാരെ നിരീക്ഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണ കപ്പലുകളും രജ്യാന്തര തെരച്ചില്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് സമീപത്തുണ്ടായിരുന്ന എംവി ഹാന്‍ യി, എംഎസ്‌സി സില്‍വര്‍ 2 എന്നീ ചരക്കു കപ്പലുകളും അപകടത്തില്‍ പെട്ട കപ്പലിന് സമീപത്തേക്ക് നീങ്ങി. വൈകിട്ടോടെ 21 ജീവനക്കാരെ രക്ഷപ്പെടുത്തി. റഷ്യ, യുക്രൈന്‍, ജോര്‍ജ്ജിയ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ജീവനക്കാര്‍.

ക്യാപ്റ്റന്‍ അടക്കം മൂന്ന് സീനിയര്‍ ക്രൂ അംഗങ്ങള്‍ കപ്പലില്‍ തന്നെ തുടര്‍ന്നു. കപ്പല്‍ ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍ കപ്പലില്‍ തന്നെ തുടര്‍ന്നത്. എന്നാല്‍ രാത്രിയില്‍ കപ്പലില്‍ കൂടുതല്‍ വെള്ളം കയറുകയും ഞായറാഴ്ച രാവിലെയോടെ മുങ്ങുകയുമായിരുന്നു. മൂന്ന് പേരെയും നാവികസേനാ കപ്പലായ ഐഎന്‍എസ് സുജാത രക്ഷപ്പെടുത്തി. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

സര്‍ക്കാര്‍ മുന്നറിയിപ്പ്

കടലില്‍ നിന്ന് തീരത്തേക്ക് ശക്തമായ കാറ്റുള്ളതിനാല്‍ കണ്ടെയ്‌നറുകള്‍ കേരള തീരത്തേക്ക് എത്തിയേക്കുമെന്നാണ് കരുതുന്നത്. കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ അവയെത്താന്‍ സാധ്യത ഏറെയാണ്. കണ്ടെയ്‌നറുകള്‍ കണ്ടാല്‍ അതിന് സമീപം പോകരുതെന്നും 200 മീറ്ററെങ്കിലും അകലം പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കുന്നു. കണ്ടെയ്‌നര്‍ കണ്ടാല്‍ 112 എന്ന നമ്പറില്‍ അറിയിക്കുക. കൂട്ടംകൂടി നില്‍ക്കരുതെന്നും വസ്തുക്കള്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കാതെ ദൂരെ മാറി നില്‍ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കപ്പല്‍ അപകടത്തില്‍ പെട്ട പ്രദേശത്തിന്റെ 20 നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in