പ്രവാസികളെ കൊണ്ടുവരാന്‍ നിലവില്‍ പരിമിതി, മുന്നൊരുക്കങ്ങള്‍ അറിയിക്കണമെന്ന് സംസ്ഥാനത്തോട് ഹൈക്കോടതി

പ്രവാസികളെ കൊണ്ടുവരാന്‍ നിലവില്‍ പരിമിതി, മുന്നൊരുക്കങ്ങള്‍ അറിയിക്കണമെന്ന് സംസ്ഥാനത്തോട് ഹൈക്കോടതി

വിദേശത്തുള്ള പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. ലോക് ഡൗണിനു ശേഷം ഹര്‍ജി പരിഗണിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ഉചിതമെന്നും ഹൈക്കോടതി. യുഎഇയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പരാമര്‍ശം. ലോക് ഡൗണ്‍ മെയ് 3 ന് തീരുന്ന സാഹചര്യത്തില്‍ 5 ന് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി

കൊവിഡ് ഭീഷണി മുന്‍നിര്‍ത്തി പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്തിയാല്‍ സംരക്ഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. . ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും മടങ്ങി എത്തുന്ന സ്ഥിതി ഉണ്ടാകും. അവര്‍ക്ക് വേണ്ടി 5000 ഡോക്ടര്‍മാരും 20,000 നഴ്‌സുമാരും ചുരുങ്ങിയത് വേണ്ടി വരില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഗര്‍ഭിണികളുടേയും പ്രായം ചെന്നവരുടേയും കാര്യത്തില്‍ ഗൗരവമായ പരിഗണന ആവശ്യമാണെന്നും കോടതി.വിദേശത്ത് കഴിയുന്ന ഇന്ത്യാക്കാരുടെ കാര്യത്തില്‍ എന്ത് നടപടിയെടുത്തെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാ മൂലം അറിയിക്കണം. വിദേശത്തുള്ളവര്‍ തിരിച്ചെത്തിയാല്‍ അവരെ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. കൊവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

Related Stories

No stories found.
logo
The Cue
www.thecue.in