‘മതപരിവര്‍ത്തന മാഫിയാ ഏജന്റെ’ന്നും യോഹന്നാനെ വഴിവിട്ട് സഹായിച്ചെന്നും പ്രചരണം, സംഘപരിവാറിനകത്ത് അല്‍ഫോണ്‍സിനെതിരെ പടയൊരുക്കം

‘മതപരിവര്‍ത്തന മാഫിയാ ഏജന്റെ’ന്നും യോഹന്നാനെ വഴിവിട്ട് സഹായിച്ചെന്നും പ്രചരണം, സംഘപരിവാറിനകത്ത് അല്‍ഫോണ്‍സിനെതിരെ പടയൊരുക്കം

Summary

‘സത്യമെന്താണെന്ന് എന്നോടൊപ്പം പ്രവർത്തിച്ചിട്ടുള്ളവർക്ക് അറിയാം, സത്യത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട് ഒരു പരിഗണനയും ആർക്കും നൽകിയിട്ടില്ല’

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയായി ഉള്‍പ്പെടുത്താത്തത് ക്രിസ്ത്യന്‍-പെന്തക്കോസ്ത് സംഘടനകളെ വിദേശഫണ്ടിന് വഴിവിട്ട് സഹായിച്ചതിനാലെന്ന പ്രചരണം ബിജെപിക്കുള്ളില്‍ പുകയുന്നു. ബിജെപിയിലെയും സംഘപരിവാറിലെയും ഒരു വിഭാഗമാണ് അല്‍ഫോണ്‍സിനെതിരെ പ്രചരണവുമായി രംഗത്തുള്ളത്. മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന പെന്തക്കോസ്ത്-ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വാധീനം ചെലുത്തിയെന്നാണ് ഇവരുടെ ആരോപണം. സംഘപരിവാര്‍ സംഘടനകള്‍ക്കുള്ളിലും ഈ വിവാദം ചര്‍ച്ചായിട്ടുണ്ട്. ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പ്രചരണവുമായി നേരിട്ട് രംഗത്ത് വന്നില്ലെങ്കിലും അനുകൂല ഗ്രൂപ്പുകളും പേജുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും വഴി കണ്ണന്താനത്തെ ലക്ഷ്യമിട്ട് പ്രചരണം ശക്തമാക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച്, റഹബോത്ത് ഗേള്‍സ് ഓര്‍ഫനേജ് ട്രസ്റ്റ്, ചര്‍ച്ച് ഓഫ് ഗോഡ് എന്നീ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് വിദേശവിനിമയ ചട്ടപ്രകാരം വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുമതി പുതുക്കുന്നതിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയുടെ ലെറ്റര്‍ പാഡില്‍ അയച്ച കത്തുകളുടെ പകര്‍പ്പ് പുറത്തുവിട്ടാണ് അല്‍ഫോണ്‍സിനെതിരായ നീക്കം. കേന്ദ്ര മന്ത്രി സഭയില്‍ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ ഞാന്‍ പക്ഷപാതപരമായി ക്രിസ്ത്യന്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു. ചുമതല വഹിച്ചിരുന്ന 18 മാസത്തെ സമയം കൊണ്ട് കേരളത്തില്‍ ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്യൂട്ടിന് 70 കോടി രൂപ , മലബാര്‍ ക്രൂയിസ് സര്‍ക്യൂട്ടിന് 80 കോടി രൂപ , സ്പിരിച്വല്‍ സര്‍ക്യൂട്ടിന് 85 കോടി രൂപ ടൂറിസം മന്ത്രാലയത്തില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്ന് കണ്ണന്താനം. സ്പിരിച്വല്‍ സര്‍ക്യൂട്ടിന് അനുവദിച്ച 85 കോടി രൂപ , 77 ക്ഷേത്രങ്ങളും, 42 പള്ളികളും, 20 മുസ്ലിം പള്ളികളും ഉള്‍പ്പെടെ ആകെ 133 ആരാധനാലയങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് അനുവദിച്ചിട്ടുള്ളത്. ഈ അനുവദിച്ചതെല്ലാം അതാത് ആരാധനാലയങ്ങളുടെ ഭാഗത്തുനിന്നും സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുടെ അടിസ്ഥാനത്തിലാണെന്നും മുന്‍കേന്ദ്രമന്ത്രി.

വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ് സി ആര്‍ എ അനുമതി പുതുക്കുന്നതിനുള്ള സ്ഥാപനങ്ങളുടെ അപേക്ഷ കേന്ദ്രമന്ത്രിക്ക് റഫര്‍ ചെയ്തുള്ള കത്തുകളാണ് അല്‍ഫോണ്‍സിനെതിരായ പ്രചരിപ്പിക്കുന്നത്. പത്തനംതിട്ട കേന്ദ്രീകരിച്ച് വ്യാപകമായി മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്ന സംഘടനകള്‍ക്ക് വിദേശഫണ്ട് സുഗമമാക്കാന്‍ ബിജെപിയുടെ കേന്ദ്രമന്ത്രി ഇടപെട്ടതില്‍ ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും ഇക്കാര്യം ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ആര്‍എസ്എസിന്റെ സീനിയര്‍ നേതാക്കളിലൊരാള്‍ ദ ക്യൂവിനോട് പ്രതികരിച്ചു. നിലവിലെ വിവാദങ്ങളെക്കുറിച്ച് കൂടുതല്‍ അറിയില്ല. മതപരിവര്‍ത്തനം ലക്ഷ്യമിടുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരായി ചിത്രീകരിച്ച് കേന്ദ്രആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുണ്ടെങ്കില്‍ അത് ഗൗരവതരമാണെന്നും ആര്‍എസ്എസ് നേതാവ് പ്രതികരിച്ചു. അല്‍ഫോണ്‍സിന് മന്ത്രി സ്ഥാനം നഷ്ടമായതില്‍ ആര്‍എസ്എസ് കേരളാ നേതൃത്വത്തിന് പങ്കില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കേന്ദ്ര മന്ത്രി സഭയിൽ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ ഞാൻ പക്ഷപാതപരമായി ക്രിസ്ത്യൻ സമൂഹത്തിനു വേണ്ടി പ്രവർത്തിച്ചു എന്നൊരു അഭ്യൂഹം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ യാതോരു അടിസ്ഥാനവുമില്ലാത്തതാണെന്ന് അറിയിച്ചുകൊള്ളട്ടെ, സത്യമെന്താണെന്ന് എന്നോടൊപ്പം പ്രവർത്തിച്ചിട്ടുള്ളവർക്ക് അറിയാം, സത്യത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട് ഒരു പരിഗണനയും ആർക്കും നൽകിയിട്ടില്ല. ഒരു ഉത്തരവാദിത്തപ്പെട്ട മന്ത്രിയെന്ന നിലയിൽ നിയമപരമായി ലഭ്യമാക്കേണ്ട സഹായങ്ങൾ മാത്രമേ എല്ലാവർക്കും ചെയ്തുകൊടുത്തിട്ടുള്ളൂ. മറിച്ചുള്ളതെല്ലാം അടിസ്ഥാനരഹിതമായ അസത്യപ്രചാരണങ്ങളാണ്. നിരവധി കാര്യങ്ങൾ കേന്ദ്ര മന്ത്രിയായിരിക്കെ രാജ്യത്തിൻറെ പലഭാഗത്തും ചെയ്തിട്ടുണ്ടെങ്കിലും, കേരളവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മാത്രം ഇവിടെ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. ചുമതല വഹിച്ചിരുന്ന 18 മാസത്തെ സമയം കൊണ്ട് കേരളത്തിൽ ശ്രീനാരായണ തീർത്ഥാടന സർക്യൂട്ടിന് 70 കോടി രൂപ , മലബാർ ക്രൂയിസ് സർക്യൂട്ടിന് 80 കോടി രൂപ , സ്പിരിച്വൽ സർക്യൂട്ടിന് 85 കോടി രൂപ ടൂറിസം മന്ത്രാലയത്തിൽ നിന്നും അനുവദിച്ചിട്ടുണ്ട്. സ്പിരിച്വൽ സർക്യൂട്ടിന് അനുവദിച്ച 85 കോടി രൂപ , 77 ക്ഷേത്രങ്ങളും, 42 പള്ളികളും, 20 മുസ്ലിം പള്ളികളും ഉൾപ്പെടെ ആകെ 133 ആരാധനാലയങ്ങളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് അനുവദിച്ചിട്ടുള്ളത്. ഈ അനുവദിച്ചതെല്ലാം അതാത് ആരാധനാലയങ്ങളുടെ ഭാഗത്തുനിന്നും സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് എന്നുകൂടി അറിയിക്കുന്നു. വസ്തുതകൾ മനസ്സിലാക്കാതെ അറിഞ്ഞോ അറിയാതെയോ അടിസ്ഥാനരഹിതമായ ഈ അസത്യപ്രചാരണങ്ങളിൽ ഭാഗഭാക്കായവരോട് ദയവായി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ അഭ്യർത്ഥിക്കുന്നു.

അല്‍ഫോണ്‍സ് കണ്ണന്താനം

ബിലീവേഴ്‌സ് ചര്‍ച്ച് തലവന്‍ കെപി യോഹന്നാന്റെ സ്ഥാപനങ്ങള്‍ക്ക് വിദേശപണം സ്വീകരിക്കാന്‍ എഫ്‌സിആര്‍എ പുതുക്കി നല്‍കിയതില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനൊപ്പം ആര്‍എസ്എസ് നേതാക്കളും ഇടപെട്ടിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് മുന്‍ സംസ്ഥാന നേതാവും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവുമായ പ്രതീഷ് വിശ്വനാഥ് ആരോപിക്കുന്നു. വിഎച്ചപിയിലായിരിക്കെ അമിത് ഷായുമായും ബിജെപി കേന്ദ്രനേതൃത്വവുമായി അടുപ്പം പുലര്‍ത്തിയിരുന്നയാളാണ് പ്രതീഷ് വിശ്വനാഥ്. എസ്എന്‍ഡിപിയെ ബിജെപിയുമായി അടുപ്പിക്കുന്നതിലും പ്രതീഷിന് നിര്‍ണായക റോളുണ്ടായിരുന്നു. ഹിന്ദുവിനെ മതംമാറ്റുന്നവര്‍ക്ക് വേണ്ടിയായിരുന്നു കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം എന്നാണ് പ്രതീഷ് വിശ്വനാഥിന്റെ ആരോപണം.

'കണ്ണന്താനം മതപരിവര്‍ത്തന മാഫിയാ ഏജന്റ'് എന്ന തലക്കെട്ടില്‍ തീവ്രഹിന്ദു സംഘടനകളെ പിന്തുണയ്ക്കുന്ന ഓണ്‍ലൈന്‍ മാധ്യമം ഭാരത് ടൈംസ് വാര്‍ത്തയും നല്‍കിയിട്ടുണ്ട്. ശബരിമല സമരത്തില്‍ ബിജെപിയിലും ആര്‍എസ്എസിലും ഇരട്ട നിലപാടുണ്ടെന്ന ആരോപണവുമായി നേരത്തെ ആചാര സംരക്ഷണ സംഘം രംഗത്ത് വന്നത് ആര്‍എസ്എസിനെ പ്രതിരോധത്തിലാക്കിയിരുന്നു. കെപി യോഹന്നാന് വേണ്ടിയാണ് ആര്‍എസ്എസിലെ ഒരു വിഭാഗം ശബരിമല സമരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന ഗുരുതര ആരോപണവും ഇവര്‍ ഉന്നയിച്ചിരുന്നു. ആര്‍എസ്എസ് താത്വികാചാര്യന്‍ രംഗഹരി ഉള്‍പ്പെടെ കെപി യോഹന്നാന് അനുകൂലമായി നിലപാടെടുത്ത് ശബരിമല സമരത്തെ നിര്‍വീര്യമാക്കിയെന്ന രീതിയിലായിരുന്നു ആര്‍എസ്എസിനൊപ്പം സമരത്തില്‍ മുന്നണിയിലുണ്ടായിരുന്ന ആചാര സംരക്ഷക വിഭാഗം വിമര്‍ശനമുയര്‍ത്തിയത്.

കേരളത്തിലും പുറത്തുമുള്ള ക്രൈസ്തവ വിഭാഗങ്ങളെ ബിജെപിയുമായും എന്‍ഡിഎ സര്‍ക്കാരുമായി അടുപ്പിച്ച് നിര്‍ത്താനായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയത്. ബിജെപി കേന്ദ്രനേതൃത്വം നേരിട്ട് പാര്‍ട്ടിയിലെത്തിക്കുകയും പിന്നീട് മന്ത്രി പദവിയിലെത്തിക്കുകയും ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനത്തോട് ബിജെപി-ആര്‍എസ്എസ് സംസ്ഥാന ഘടകങ്ങള്‍ക്ക് തുടക്കം മുതല്‍ക്കേ അകല്‍ച്ചയുണ്ട്.

അല്‍ഫോണ്‍സ് കണ്ണന്താനത്തെ ലക്ഷ്യമിട്ട് പാര്‍ട്ടിയില്‍ ഒരു വിഭാഗം നടത്തുന്ന പ്രചരണങ്ങള്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെ കൂടി ഉന്നം വച്ചാണെന്നും അറിയുന്നു. ക്രൈസ്തവ സംരക്ഷണ സേനയുമായി കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നീക്കമാരംഭിച്ചത് സംഘപരിവാറിനകത്ത് എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി ഹിന്ദുവിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന ആരോപണമാണ് പരിവാറിനകത്തെ ചില സംഘടനകള്‍ക്കുള്ളത്. കൊച്ചിയില്‍ ശ്രീധരന്‍ പിള്ള മുന്‍കയ്യെടുത്ത് നടത്തിയ ഭീകരവിരുദ്ധ ക്രൈസ്തവ കൂട്ടായ്മ പ്രതീക്ഷിച്ച വിജയവുമായിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in