കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണം; കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ പ്രമേയം

കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണം; കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ പ്രമേയം

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് (ഡി.ലിറ്റ്) നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ പ്രമേയം. ഇടത് അനുകൂലിയായ സിന്‍ഡിക്കേറ്റംഗം ഇ. അബ്ദുറഹീമാണ് കഴിഞ്ഞദിവസം പ്രമേയം അവതരിപ്പിച്ചത്. വൈസ് ചാന്‍സലറുടെ അനുവാദത്തോടെയായിരുന്നു പ്രമേയ അവതരണം. എന്നാല്‍ പ്രമേയത്തെ എതിര്‍ത്ത് ചില ഇടതുപക്ഷ അംഗങ്ങള്‍ രംഗത്ത് വന്നു.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും, വെള്ളാപ്പള്ളി നടേശനും വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളാണ്. ഇരുവരും വിദ്യാഭ്യാസ മേഖലയില്‍ നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് ഡിലിറ്റിന് സബ് കമ്മിറ്റി ശുപാര്‍ശ ചെയ്യണം എന്നാണ് അബ്ദുറഹീം അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നത്. മറ്റു രാജ്യങ്ങളുമായി ആശയവിനിമയം നടത്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പുതുതലമുറ കോഴ്‌സുകള്‍ കേരളത്തിന്റെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നു. നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി ഇന്നും ഈ മേഖലയില്‍ സജീവമാണ് വെള്ളാപ്പള്ളി നടേശന്‍. ഇരുവരുടെയും പ്രൊഫൈലുകള്‍ ഡി.ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

എന്നാല്‍, പ്രമേയം പിന്‍വലിക്കണമെന്ന് ഒരു വിഭാഗം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. വി.സി.യുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന് അബ്ദുറഹീമും ആവശ്യപ്പെട്ടു. ഭിന്നതയെത്തുടര്‍ന്ന് ഡി.ലിറ്റ് നല്‍കാനുള്ളവരെ കണ്ടെത്താന്‍ രൂപീകരിച്ച ഉപസമിതിയുടെ പരിഗണനയ്ക്കായി പ്രമേയം കൈമാറാന്‍ തീരുമാനിച്ചു. ഡോ. വിജയരാഘവന്‍, ഡോ. വിനോദ്കുമാര്‍, ഡോ. റഷീദ് അഹമ്മദ് എന്നിവരടങ്ങുന്നതാണ് ഉപസമിതി.

Related Stories

No stories found.
logo
The Cue
www.thecue.in