'സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചു നല്‍കണം', വിദ്യാര്‍ത്ഥികളില്‍നിന്ന് സത്യവാങ്മൂലം വാങ്ങി കാലിക്കറ്റ് സര്‍വകലാശാല

'സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചു നല്‍കണം', വിദ്യാര്‍ത്ഥികളില്‍നിന്ന് സത്യവാങ്മൂലം വാങ്ങി കാലിക്കറ്റ് സര്‍വകലാശാല

വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം വാങ്ങുന്നത് നടപ്പാക്കി കാലിക്കറ്റ് സര്‍വകലാശാല. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശപ്രകാരമാണ് സര്‍വകലാശാലയില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിര്‍ബന്ധമാക്കിയത്.

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദ്യാര്‍ത്ഥിയും രക്ഷിതാവും എഴുതി നല്‍കണമെന്നാണ് നിബന്ധന. ഭാവിയില്‍ സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചുനല്‍കണം.

കൊല്ലത്തെ വിസ്മയക്കേസിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം വാങ്ങമെന്ന നിര്‍ദേശം ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ടു വെച്ചത്. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ക്യാംപസുകളില്‍ സ്ത്രീധന വിരുദ്ധ ക്യാംപയിനുകളും നടത്തിയിരുന്നു.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബിരുദ പ്രവേശത്തിനുള്ള ഒന്നും രണ്ടും ഘട്ട അലോട്ട്മെന്റുകളെ തുടര്‍ന്ന് പ്രവേശന നടപടി തുടങ്ങിയ ശേഷമാണ് സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നത്. നിലവില്‍ പ്രവേശനം നേടിയവരില്‍ നിന്നും പിന്നീട് സത്യവാങ്മൂലം സ്വീകരിക്കും.

നേരത്തെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സ് (കുഫോസ്) ലെ വിദ്യാര്‍ത്ഥികള്‍ ബിരുദ ദാന ചടങ്ങില്‍ സ്ത്രീധനത്തിന് മുതിരില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. കുഫോസിലെ ബിരുദധാരികള്‍ ഒപ്പുവെച്ച് നല്‍കിയ സ്ത്രീധന നിരോധന പ്രസ്താവന കുഫോസ് വി.സി ഡോ റിജി ജോണ്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറിയിരുന്നു.

ഗവര്‍ണറുടെ നിര്‍ദേശം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍വകലാശാലയായിരുന്നു കുഫോസ്.

Related Stories

No stories found.
logo
The Cue
www.thecue.in