'ഒമ്പതിന് ശേഷം ഹോസ്റ്റലില്‍ പ്രവേശനമില്ല'; നിയന്ത്രണം കടുപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല

'ഒമ്പതിന് ശേഷം ഹോസ്റ്റലില്‍ പ്രവേശനമില്ല'; നിയന്ത്രണം കടുപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ പ്രവേശന സമയത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നു. ഹോസ്റ്റല്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി രാത്രി ഒമ്പതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കാനാണ് തീരുമാനം. പുറത്ത് പോയ വിദ്യാര്‍ത്ഥികളെ അധികൃതരുടെ അനുമതിയോടെ മാത്രമേ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കുകയുള്ളു. രാത്രി പുറത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ മൂവ്മെന്റ് രജിസ്റ്ററില്‍ പേരെഴുതണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന സിണ്ടിക്കേറ്റ് യോഗം തീരുമാനിച്ചു.

ഹോസ്റ്റല്‍ സമയം സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല. ഹോസ്റ്റല്‍ കമ്മിറ്റിയുമായി ആലോചിച്ചതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നാണ് സിണ്ടിക്കേറ്റ് അംഗങ്ങള്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചിരിക്കുന്നത്. ഹോസ്റ്റല്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സിണ്ടിക്കേറ്റംഗം ഡോക്ടര്‍ മനോഹരന്‍ എം ദ ക്യുവിനോട് പ്രതികരിച്ചു. ഹോസ്റ്റല്‍ അധികൃതരുടെ അനുമതിയോടെ മറ്റ് സമയങ്ങളില്‍ പുറത്ത് പോകാമെന്നും ഡോക്ടര്‍ മനോഹരന്‍ എം പറഞ്ഞു.

പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഹോസ്റ്റലുകളില്‍ പ്രവേശിക്കുന്നതിന് സമയം നിയന്ത്രണമുണ്ടായിരുന്നില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ടുനിന്ന സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോസ്റ്റലുകളിലെ സമയനിയന്ത്രണം പിന്‍വലിച്ചത്. ഇടതു സിണ്ടിക്കേറ്റ് തന്നെ വീണ്ടും നിയന്ത്രണം കൊണ്ടുവരുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ഉയരുകയാണ്.

പുരുഷ ഹോസ്റ്റലില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും താമസിക്കുന്നുവെന്ന് മുസ്ലിം ലീഗ് അംഗം ഡോ.പി. റഷീദ് അഹമ്മദ് സിണ്ടിക്കേറ്റ് യോഗത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. ആണ്‍കുട്ടികളുടെ സ്വകാര്യത ഇല്ലാതാക്കുന്നുവെന്നും സുരക്ഷിതത്വം ഭീഷണിയുണ്ടെന്നതുമായിരുന്നു ഡോ.പി. റഷീദ് അഹമ്മദിന്റെ പരാതി. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശിക്കാന്‍ വിലക്കില്ലെങ്കിലും താമസിക്കാറില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇതിന്റെ മറവില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സമയനിയന്ത്രണം കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സിണ്ടിക്കേറ്റ് തീരുമാനത്തില്‍ പ്രതികരിക്കാന്‍ എസ്.എഫ്.ഐ നേതൃത്വം തയ്യാറായിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in