18കാരന്റെ സ്റ്റാര്‍ട്ടപ്പില്‍ പണം നിക്ഷേപിച്ച് രത്തന്‍ ടാറ്റ, കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ഇന്ത്യയിലെ ജനങ്ങളിലെത്തിക്കാന്‍

18കാരന്റെ സ്റ്റാര്‍ട്ടപ്പില്‍ പണം നിക്ഷേപിച്ച് രത്തന്‍ ടാറ്റ, കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ഇന്ത്യയിലെ ജനങ്ങളിലെത്തിക്കാന്‍

പതിനെട്ടുകാരന്‍ ആരംഭിച്ച ഫാര്‍മസ്യൂട്ടിക്കല്‍ സ്റ്റാര്‍ട്ടപ്പില്‍ പണം നിക്ഷേപിച്ച് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ. എത്ര തുകയാണ് ജനറിക് ആധാര്‍ എന്ന കമ്പനിയില്‍ രത്തന്‍ ടാറ്റ നിക്ഷേപിച്ചിരിക്കുന്നതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. അര്‍ജുന്‍ ദേശ്പാണ്ഡെ എന്ന യുവാവ് തന്റെ 16-ാം വയസില്‍ തുടങ്ങിയ സംരംഭമാണ് ജനറിക് ആധാര്‍. മരുന്ന് ഉത്പാദന കമ്പനികളില്‍ നിന്ന് ജനറിക് മരുന്നുകള്‍ നേരിട്ട് വാങ്ങി ഫാര്‍മസികളില്‍ എത്തിക്കുകയാണ് കമ്പനി ചെയ്യുന്നത്.

കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് താന്‍ കമ്പനി തുടങ്ങിയതെന്ന് അര്‍ജുന്‍ ദേശ്പാണ്ഡെ പറയുന്നു. കമ്പനിക്ക് 6 കോടി വാര്‍ഷിക വരുമാനമുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 150 മുതല്‍ 200 കോടി രൂപ വരെയാണ് റെവന്യൂ പ്രതീക്ഷിക്കുന്നത്.

വിപണിയിലെ ഉയര്‍ന്ന വില കാരണം 60 ശതമാനം ഇന്ത്യക്കാര്‍ക്കും ചികിത്സ താങ്ങാവുന്നതിലും അതികമാണെന്നാണ് ഒരു സര്‍വേ പറയുന്നത്. ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ന്യൂഡല്‍ഹി, ഗോവ, രാജസ്ഥാന്‍, തുടങ്ങിയ സംസ്ഥാനങ്ങളിലായി ആയിരം ഫാര്‍മസികളുമായി കരാറുണ്ടാക്കി, മരുന്നുകള്‍ നേരിട്ട് ജനങ്ങളിലെത്തിക്കുകയാണ് അടുത്തഘട്ടത്തില്‍ ജനറിക് ആധാര്‍ കമ്പനിയുടെ ലക്ഷ്യം. മുംബൈ, പൂനൈ, ബംഗളൂരു, ഒഡീഷ തുടങ്ങിയ നഗരങ്ങളിലായി നിലവില്‍ 30ഓളം റീട്ടെയ്‌ലര്‍മാര്‍ കമ്പനിക്കുണ്ട്.

പ്രമേഹത്തിനും, രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകളാണ് നിലവില്‍ ജനറിക് ആധാര്‍ സപ്ലൈ ചെയ്യുന്നത്. വൈകാതെ തന്നെ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ കാന്‍സര്‍ മരുന്നുകളും നല്‍കാന്‍ ആരംഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബിസിനസ് പ്ലനിനെ കുറിച്ച് കേട്ടപ്പോള്‍ തന്നെ രത്തന്‍ ടാറ്റ അതില്‍ താല്‍പര്യം കാണിച്ചുവെന്ന് അര്‍ജുന്‍ ദേശ്പാണ്ഡെ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in