ബുലന്ദ്ഷഹര്‍  കലാപക്കേസ് പ്രതികള്‍ക്ക് ‘ജയ്ശ്രീറാം’ വിളിയോടെ സ്വീകരണം; ജാമ്യത്തിലിറങ്ങിയത് യുവമോര്‍ച്ച നേതാവടക്കം ഏഴ് പേര്‍

ബുലന്ദ്ഷഹര്‍ കലാപക്കേസ് പ്രതികള്‍ക്ക് ‘ജയ്ശ്രീറാം’ വിളിയോടെ സ്വീകരണം; ജാമ്യത്തിലിറങ്ങിയത് യുവമോര്‍ച്ച നേതാവടക്കം ഏഴ് പേര്‍

ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധമാരോപിച്ച് വര്‍ഗീയ കലാപം സൃഷ്ടിക്കുകയും പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ‘ജയ്ശ്രീറാം’ വിളിയോടെ സ്വീകരണം. കേസിലെ പ്രതികളായ ബിജെപി, യുവമോര്‍ച്ച നേതാവായ ശിഖര്‍ അഗര്‍വാള്‍, ജീട്ടു ഫൗജി, ഉപേന്ദ്ര സിങ് രാഘവ്, ഹേമു, സൗരവ്, രോഹിത് രാഘവ് എന്നിവര്‍ക്കാണ് ശനിയാവ്ച ജാമ്യം ലഭിച്ചതും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയതും.

‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കി ജയ്’, ‘വന്ദേ മാതരം’ തുടങ്ങിയ വിളികളോടെയാണ് ആറ് മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതികളെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇവരോടൊപ്പം സെല്‍ഫിയെടുക്കുവാനും അനുകൂലികള്‍ മത്സരിക്കുന്നുണ്ടായിരുന്നു. സ്വീകരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കഴിഞ്ഞ ഡിസംബര്‍ 3നായിരുന്നു ബുലന്ദ്ഷഹറിലെ സിയാന ഗ്രാമത്തില്‍ ഗോവധമാരോപിച്ച് പ്രതികള്‍ വര്‍ഗീയ കലാപം സംഘടിപ്പിച്ചത്. സമീപത്തെ ചിംഗ്രാവതി, മഹാവ് ജില്ലകളില്‍ 400 ഓളം കലാപകാരികള്‍ വാഹനങ്ങള്‍ക്ക് തീയിടുകയും പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും വെടിവെയ്ക്കുകയും ചെയ്തു. ആക്രമണത്തില്‍ പൊലീസ് ഓഫീസറായ സുബോധ് കുമാര്‍ സിങ്ങ് പ്രദേശവാസിയായ സുമിത് കുമാര്‍ എന്നിവര്‍ കൊല്ലപ്പെടുകയും ചെയ്തു.

ഗോമാംസത്തിന്റെ പേരില്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ സംഘ്പരിവാര്‍ അനുകൂലികള്‍ തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചിരുന്ന പൊലീസുകാരനായിരുന്നുഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗ്. പിന്നീട് ഇദ്ദേഹത്തെ ആ ചുമതലയില്‍ നിന്നും നീക്കുകയായിരുന്നു.

മാര്‍ച്ചില്‍ അന്വേഷണം ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘം 38 പേര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിലെ ഏഴ് പേരാണ് ശനിയാഴ്ച ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

Related Stories

No stories found.
logo
The Cue
www.thecue.in