‘എബിവിപിയുടെ കൊടിമരം മാറ്റിയത് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍’; ഇല്ലെങ്കില്‍ കൊലപാതകം വരെ നടന്നേനെയെന്ന് ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ 

‘എബിവിപിയുടെ കൊടിമരം മാറ്റിയത് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍’; ഇല്ലെങ്കില്‍ കൊലപാതകം വരെ നടന്നേനെയെന്ന് ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ 

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എബിവിപി സ്ഥാപിച്ച കൊടിമരം ക്യാംപസില്‍ നിന്ന് നീക്കം ചെയ്തത് കോളേജില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാനാണെന്ന് പ്രിന്‍സിപ്പല്‍ കെ ഫല്‍ഗുനന്‍. കൊടിമരം സ്ഥാപിച്ചതിനെ തുടര്‍ന്ന് കോളേജില്‍ എസ്എഫ്‌ഐയും എബിവിപിയും തമ്മില്‍ ഒരു സംഘര്‍ഷ സാധ്യതയുണ്ടായിരുന്നു. കൊടിമരം താന്‍ എടുത്തുമാറ്റിയില്ലായിരുന്നുവെങ്കില്‍ അത് വളര്‍ന്ന് അക്രമത്തിലും ചിലപ്പോള്‍ കൊലപാതകത്തിലും കലാശിച്ചേനെയെന്ന് പ്രിന്‍സിപ്പല്‍ ‘ദ ക്യൂ’വിനോട് പറഞ്ഞു.

കോളേജില്‍ കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ വന്ന് കണ്ടിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ക്യാംപസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അരമണിക്കൂര്‍ നേരത്തെക്ക് ഒരു പരിപാടിക്ക് അവര്‍ക്ക് അനുമതി നല്‍കി. അതു കഴിഞ്ഞാല്‍ കൊടിമരം മാറ്റാമെന്ന് നേതാക്കള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷേ അവര്‍ അത് ചെയ്തില്ല, പിന്നീട് സംഘര്‍ഷ സാധ്യത ഉണ്ടായപ്പോള്‍ പൊലീസ് സഹായത്തോടെ കൊടിമരം നീക്കം ചെയ്യുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

1500ഓളം എസ്എഫ്‌ഐക്കാര്‍ എബിവിപിയുടെ പരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ തമ്മില്‍ ഒരു ഏറ്റുമുട്ടാനായിരുന്നു നിന്നിരുന്നത്. ആ കൊടിമരം എടുത്തു മാറ്റിയിരുന്നില്ലെങ്കില്‍ സംഘര്‍ഷമോ കൊലപാതകമോ വരെ നടന്നേനെ. നിയമപരമായി കൊടിമരം വയ്ക്കുന്നതില്‍ തടസമില്ല, ആര്‍ക്കും കൊടി സ്ഥാപിക്കാം വെയ്ക്കാതിരിക്കാം. പക്ഷേ സംഘര്‍ഷമുണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്തത്.

പ്രിന്‍സിപ്പല്‍ കെ ഫല്‍ഗുനന്‍

കൊടിമരം നീക്കിയതിനെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരുടെ ഭീഷണി നേരിടുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇപ്പോള്‍ പൊലീസ് സംരക്ഷണത്തിലാണ് ഉള്ളത്. പ്രശ്‌ന പരിഹാരത്തിനായി നാളെ എല്ലാ നേതാക്കളുടെയും മീറ്റിംഗ് വിളിച്ചിട്ടണ്ട്. കോളേജില്‍ കൊടിമരം സ്ഥാപിക്കുന്ന കാര്യം സംഘടനകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

എസ്എഫ്‌ഐക്ക് ഭൂരിപക്ഷമുള്ള ക്യാമ്പസാണ് ബ്രണ്ണന്‍ കോളേജ്. എസ്എഫ്‌ഐക്ക് കാലങ്ങളായി അവിടെ കൊടിമരമുണ്ട്. ഇന്നുച്ചയ്ക്കായിരുന്നു പ്രിന്‍സിപ്പല്‍ ‍ കൊടിമരം എടുത്തു മാറ്റിയത്. കൊടിമരം ക്യാപസിന് പുറത്തെത്തിച്ച് പ്രിന്‍സിപ്പാള്‍ നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in