അധിക്ഷേപകരമെന്ന് സൗദി; നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി കൂടുതല്‍ അറബ് രാജ്യങ്ങള്‍

അധിക്ഷേപകരമെന്ന് സൗദി; നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി കൂടുതല്‍ അറബ് രാജ്യങ്ങള്‍

ബി.ജെ.പി മുന്‍ ദേശീയ വക്താവ് നുപുര്‍ ശര്‍മ്മ പ്രവാചകനെതിരായി നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി സൗദി അറേബ്യയും. നേരത്തെ ഖത്തറും കുവൈത്തും ഇറാനും പ്രസ്താവനയെ അപലപിച്ചിരുന്നു. നുപുറിന്റെ പ്രസ്താവന അധിക്ഷേപകരമെന്നും മതങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം വേണമെന്നും സൗദി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ സ്ഥാനപതികളെ വിളിച്ചുവരുത്തി വിവാദ പരാമര്‍ശത്തില്‍ ഖത്തര്‍, കുവൈത്ത്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചിരുന്നു.

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയ്ക്കെതിരെയുള്ള വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബി.ജെ.പി ഡല്‍ഹിയുടെ മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാളിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രസ്താവന വിവാദമായതിന് പിന്നാലെ എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് പറഞ്ഞ് ബി.ജെ. പി സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിരുന്നു. വിഷയത്തില്‍ അറബ് രാജ്യങ്ങളിലുള്‍പ്പെടെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. ബോയ്‌കോട്ട് ഇന്ത്യ ക്യാമ്പയിന്‍ അറബ് രാജ്യങ്ങളില്‍ ശക്തിപ്പെട്ടിരുന്നു.

'' ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തെയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ബി.ജെ.പി ശക്തമായ അപലപിക്കുന്നു,'' എന്നാണ് ബി.ജെ.പി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

നുപുര്‍ ശര്‍മ്മയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കാണ്‍പൂരില്‍ പ്രതിഷേധം ശക്തമായിരുന്നു. പൊലീസുകാര്‍ക്കുള്‍പ്പെടെ 60 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. നുപിറിന്റെ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ നുപുറിനെതിരെ മഹാരാഷട്രയിലും തെലങ്കാനയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in