പി.സി ജോര്‍ജിനെ ഏറ്റെടുത്ത് ബി.ജെ.പി ; വിദ്വേഷ പ്രസംഗം അഭിപ്രായ സ്വാതന്ത്ര്യമെന്ന് വാദം

പി.സി ജോര്‍ജിനെ ഏറ്റെടുത്ത് ബി.ജെ.പി ; വിദ്വേഷ പ്രസംഗം അഭിപ്രായ സ്വാതന്ത്ര്യമെന്ന് വാദം

തിരുവനന്തപുരത്ത് ഹിന്ദു മഹാ സമ്മേളന വേദിയില്‍ കൊടിയ വര്‍ഗീയ പ്രചരണവും മുസ്ലീം വിദ്വേഷവും നടത്തിയ ജനപക്ഷം നേതാവ് പി.സി.ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി. പി.സി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പിന്തുണച്ചുകൊണ്ട് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം അഭിപ്രായ സ്വാതന്ത്ര്യമാണെന്നാണ് ബി.ജെ.പി നേതാക്കളുടെ വാദം.

പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഒരു പ്രസംഗത്തിന്റെ പേരില്‍ പുലര്‍ച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് കേരളത്തിലെ അറിയപ്പെടുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെയാണ്. പി.സി ജോര്‍ജിനെ മൂന്ന് മണിക്കൂര്‍ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

കേന്ദ്രമന്ത്രി വി മുരളീധരനും പി.സി ജോര്‍ജിന്റേത് അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് വാദിച്ചു. തിരുവനന്തപുരം എആര്‍ ക്യാമ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രതികരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പി.സി ജോര്‍ജിന്റെ പ്രസ്താവനയോട് യോജിക്കുന്നോ എന്ന് കൃത്യമായി വ്യക്തമാക്കാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാന്‍ പോലും സ്വാതന്ത്ര്യമുണ്ട് എന്ന് സിപിഐഎം വാദിക്കുന്ന നാടാണിതെന്നും അവിടെയാണ് പി.സി ജോര്‍ജിനെ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു.

പി.സി ജോര്‍ജിന്റേത് വര്‍ഗീയ പ്രസ്താവനയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സിപിഐഎം പറഞ്ഞിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. ജനാധിപത്യ മതേതര രാജ്യത്ത് ഈ രീതിയില്‍ പരാമര്‍ശം നടത്തുന്നത് ശരിയാണോ തെറ്റാണോ എന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് നിങ്ങളാരും കേരളത്തിന്റെ വക്താക്കളാകണ്ടെന്നും അതിന് ഞങ്ങളുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

പി.സി ജോര്‍ജ് എന്ത് മതവിദ്വേഷ പ്രസ്താവനയാണ് നടത്തിയതെന്നും, അദ്ദേഹം പറഞ്ഞത് യാഥാര്‍ഥ്യമാണെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ആര്‍എസ്എസ് നേതാവുമായ കുമ്മനം രാജശേഖരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പറഞ്ഞത് വിശദീകരിക്കാനുള്ള അവകാശം ജോര്‍ജിനുണ്ട്. കേരളത്തില്‍ ലൗ ജിഹാദും ഹലാലുമെല്ലാം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനാണ് പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശ പ്രകാരമാണ് കേസ്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജ് മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്ലീം ഹോട്ടലുകളില്‍ ചായയില്‍ ഫില്ലര്‍ ഉപയോഗിച്ച് മിശ്രിതം ചേര്‍ത്ത് ഹിന്ദുക്കളെ വന്ധ്യംകരിക്കുന്നുണ്ടെന്നും മുസ്ലീങ്ങള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് കേരളത്തെ മുസ്ലീംരാഷ്ട്രമാക്കാനാണ് നോക്കുന്നതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. ലവ് ജിഹാദ് വഴി ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ തട്ടിയെടുത്ത് ഭീകരവാദികള്‍ക്ക് ബലാല്‍സംഗം ചെയ്യാന്‍ നല്‍കുന്നുണ്ടെന്നും ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പണം നല്‍കിയാല്‍ അത് സര്‍ക്കാര്‍ മറ്റ് കാര്യങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന വ്യാജവാദവും പി.സി ജോര്‍ജ്ജ് ആവര്‍ത്തിച്ചിരുന്നു. ക്ഷേത്രങ്ങളുടെ നിയന്ത്രണം ലഭിക്കാന്‍ ഹിന്ദുസംഘടനകള്‍ യുദ്ധത്തിനൊരുങ്ങണമെന്നും പി.സി.ജോര്‍ജ്ജ് വേദിയില്‍ പ്രസംഗിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in