ആം ആദ്മി സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പിയുടെ കയ്യില്‍ 800 കോടി, ഓരോ എം.എല്‍.എയ്ക്കും 20 കോടി; കെജ്‌രിവാള്‍

ആം ആദ്മി സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പിയുടെ കയ്യില്‍ 800 കോടി, ഓരോ എം.എല്‍.എയ്ക്കും 20 കോടി; കെജ്‌രിവാള്‍

ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി 800 കോടി മാറ്റിവെച്ചിരിക്കുകയാണെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇതിനായി ഒരു എം.എല്‍.എക്ക് മാത്രം ബി.ജെ.പി നീക്കിവെച്ചിരിക്കുന്നത് 20 കോടിയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. 40 എം.എല്‍.എമാര്‍ക്ക് 20 കോടി വീതം നല്‍കി വിലയ്ക്ക് വാങ്ങാനാണ് ബി.ജെ.പിയുടെ ശ്രമം എന്നും കെജ്‌രിവാള്‍ ആരോപിച്ചു.

'' 800 കോടിയാണ് ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ മാറ്റിവെച്ചിരിക്കുന്നത്. 20 കോടിയാണ് ഓരോ എം.എല്‍.എമാര്‍ക്കും വില. ആരുടെ പണമാണിതെന്നും എവിടെ നിന്നാണ് ഈ പണം വരുന്നതെന്നും രാജ്യം നിശ്ചയമായും അറിയേണ്ടതുണ്ട്. ഡല്‍ഹിയില്‍ മികച്ച രീതിയില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ തുടരും,'' കെജ്‌രിവാള്‍ പറഞ്ഞു

പാര്‍ട്ടി വിടണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ടോളം എം.എല്‍.എമാരെ ബി.ജെ.പി ബന്ധപ്പെട്ടു എന്നാണ് ആം ആദ്മി പറയുന്നത്.

പാര്‍ട്ടി വിട്ടാല്‍ തന്റെ പേരിലുള്ള എല്ലാ കേസുകളും ഒഴിവാക്കാം എന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തതായി കഴിഞ്ഞ ദിവസം മനീഷ് സിസോദിയ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമ്പോള്‍ തന്നെയാണ് നാല്‍പ്പതോളം എം.എല്‍.എ മാരെ കൂറുമാറ്റാന്‍ ശ്രമമെന്ന് കെജ്‌രിവാള്‍ പറയുന്നത്.

മദ്യനയവുമായിബന്ധപ്പെട്ട കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുന്നതിനിടയിലാണ് കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനവുമായി ബി.ജെ.പി തന്നെ സമീപിച്ചെന്ന വിവരങ്ങള്‍ സിസോദിയ പുറത്ത് വിടുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നാല്‍ മുഖ്യമന്ത്രി സ്ഥാനം വരെ നല്‍കാമെന്ന വാഗ്ദാനം ലഭിച്ചതായാണ് സിസോദിയ വെളിപ്പെടുത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in