'കയ്യും കാലും വാരിയെല്ലും ഒടിക്കും, തല തകര്‍ക്കും, ആശുപത്രി അല്ലെങ്കില്‍ ശ്മശാനം'; ഭീഷണിയുമായി ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍

'കയ്യും കാലും വാരിയെല്ലും ഒടിക്കും, തല തകര്‍ക്കും, ആശുപത്രി അല്ലെങ്കില്‍ ശ്മശാനം'; ഭീഷണിയുമായി ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍. പ്രശ്‌നങ്ങളുണ്ടാക്കുന്ന ശീലം തുടര്‍ന്നാല്‍ കയ്യും കാലും വാരിയെല്ലും ഒടിക്കും, തലതകര്‍ക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ആശുപത്രിയിലേക്ക് യാത്ര പോകേണ്ടിവരും, അതുകൊണ്ട് നിര്‍ത്തിയില്ലെങ്കില്‍ ശ്മശാനത്തില്‍ പോകേണ്ടിവരുമെന്നുമായിരുന്നു ഹാല്‍ദിയയില്‍ സംഘടിപ്പിച്ച ബിജെപി റാലിയിലെ പരാമര്‍ശം.

ദിലീപ് ഘോഷിന്റെ പരാമര്‍ശം

ദീദിയുടെ സഹോദരന്‍മാര്‍ അടുത്ത ആറുമാസത്തിനകം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ശീലം മാറ്റിയില്ലെങ്കില്‍ കയ്യും കാലും വാരിയെല്ലും ഒടിക്കും. ശിരസ്സ് തകര്‍ക്കും. നിങ്ങള്‍ക്ക് ആശുപത്രിയിലേക്ക് യാത്ര പോകേണ്ടി വരും. അവിടം കൊണ്ടും നിര്‍ത്തിയില്ലെങ്കില്‍, ശ്മശാനത്തില്‍ പോകേണ്ടിവരും.

തൃണമൂല്‍ സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു. കേന്ദ്രം സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് സാധ്യമാക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.ബിഹാറില്‍ ലാലുപ്രസാദിന്റെ ഭരണത്തില്‍ ജംഗിള്‍രാജ് ആയിരുന്നു. അക്രമങ്ങള്‍ ദിനചര്യയായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഗുണ്ടകളെ നിര്‍മാര്‍ജനം ചെയ്തു. അതിനെ ബിജെപി രാജ് എന്ന് പറയും. ജംഗിള്‍ രാജിനെ ഞങ്ങള്‍ ജനാധിപത്യമാക്കി. അതുപോലെ പശ്ചിമബംഗാളിലും ജനാധിപത്യം പുനസ്ഥാപിക്കേണ്ടതുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദീദിയുടെ പൊലീസിന് കീഴിലല്ല വരുന്ന നിയസഭാ തെരഞ്ഞെടുപ്പ് നടക്കുക. ദാദയുടെ പൊലീസിന് കീഴിലായിരിക്കും. കാക്കിയണിഞ്ഞ പൊലീസുകാര്‍ ബൂത്തുകളുടെ നൂറുമീറ്റര്‍ അകലെ മാവിന്‍ ചുവട്ടില്‍ കസേരയിട്ട് ഖൈനിയും ചവച്ച് വോട്ടെടുപ്പും നോക്കിയിരിക്കും - ദിലീപ് ഘോഷ് പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ഭീഷണി പ്രസംഗത്തെ അപലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി നീക്കമമെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവും എംപിയുമായ സൗഗത റോയ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in