കാവി തുണി പുതച്ച പശു, ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം കിട്ടിയ കാര്‍ട്ടൂണിനെതിരെ ബിജെപി

കാവി തുണി പുതച്ച പശു, ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം കിട്ടിയ കാര്‍ട്ടൂണിനെതിരെ ബിജെപി

കേരള ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ നേടിയ കാര്‍ട്ടൂണിനെതിരെ ബിജെപി. കൊവിഡ് 19 മെഡിക്കല്‍ സമ്മിറ്റ് എന്ന തലക്കെട്ടില്‍ വരച്ച കാര്‍ട്ടൂണില്‍ ഇന്ത്യയുടെ പ്രതിനിധിയായി കാവി തുണി പുതച്ച് പശുവിനെ ചിത്രീകരിച്ച് വരച്ചതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.

കേരള ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ നേടിയ കാര്‍ട്ടൂണ്‍
കേരള ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ നേടിയ കാര്‍ട്ടൂണ്‍

പിതൃശൂന്യ പ്രവൃത്തിയാണ് ലളിതകലാ അക്കാദമി കാണിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ തയ്യാറായാല്‍ അതിനെ എതിര്‍ക്കാന്‍ നാടിനെ സ്നേഹിക്കുന്നവര്‍ക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇംഗ്ലണ്ട്, ചൈന, യു.എസ്.എ പ്രതിനിധികള്‍ക്കൊപ്പമാണ് ഇന്ത്യയുടെ പ്രതിനിധിയെ പശുവായി ചിത്രീകരിച്ചത്. 25,000 രൂപ സമ്മാനത്തുകയുള്ള ഓണറബിള്‍ പുരസ്‌കാരം നേടിയ കാര്‍ട്ടൂണാണ് ഇത്. എന്നാല്‍ നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടതെന്നും അവരതിന് തയ്യാറാവുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് അതേറ്റെടുക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ഇതിന് പിന്നാലെ മറ്റൊരു കുറിപ്പുകൂടി സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തു. തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഉത്തരവാദികളെ സമൂഹം വെറുതെ വിടില്ലെന്നാണ് അടുത്ത കുറിപ്പില്‍ പറയുന്നത്.

അതേസമയം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ കാര്‍ട്ടൂണുകള്‍ തെരഞ്ഞെടുത്തത് ജൂറിയാണ്. അവരുടെ അധികാരത്തില്‍ ഇടപെടില്ലെന്നാണ് ലളിതകലാ അക്കാദമിയുടെ വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in