'മോദിസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും അവസാനത്തിന്റെ ആരംഭം'; മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന പാവങ്ങളുടെ വിജയമെന്ന് ബിനോയ് വിശ്വം

'മോദിസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും അവസാനത്തിന്റെ ആരംഭം'; മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന പാവങ്ങളുടെ വിജയമെന്ന് ബിനോയ് വിശ്വം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന പാവങ്ങളുടെ വിജയമാണെന്ന് സി.പി.ഐ നേതാവും എം.പിയുമായ ബിനോയ് വിശ്വം. ഇത് മോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും അവസാനത്തിന്റെ ആരംഭമാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു പ്രതികരണം.

ജനങ്ങളുടെയും കര്‍ഷകരുടെയും രോഷത്തിന് മുന്നില്‍ സര്‍ക്കാരിന് നാണംകെട്ട് മുട്ടുകുത്തേണ്ടി വന്നിരിക്കുകയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. 'എല്ലാ കര്‍ഷകരും അവരോടൊപ്പമാണ്, എല്ലാവരും മോദിയെ പ്രശംസിക്കുകയാണ് എന്നെല്ലാം പറഞ്ഞ് കൃഷിക്കാരെയും നാടിനെയും കബളിപ്പിക്കാന്‍ ശ്രമിച്ച കേന്ദ്രത്തിന്, ഈ നിയമങ്ങളും പൊക്കി പിടിച്ച് വോട്ട് ചോദിച്ച് പോയാല്‍ കൃഷിക്കാര്‍ പുറം കാലുകൊണ്ട് തട്ടിയോടിക്കുമെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു.

മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന പാവങ്ങളുടെ വിജയമാണ് ഈ പിന്‍വലിക്കല്‍. ആരോഗ്യം മോശമായി അവിടുന്ന് മടങ്ങുന്ന സമയം വരെയും അവരുടെ സമരത്തിനൊപ്പം ആഴ്ചകളോളം നിന്ന് ഒരാളെന്ന നിലയില്‍ എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും, ഈ ലോകത്ത് ഒന്നിനും കീഴടക്കാന്‍ കഴിയാത്ത അത്രയും ആഴമേറിയ സമരബോധമായിരുന്നു കര്‍ഷകര്‍ കാഴ്ചവെച്ചത്. സര്‍ക്കാരിനെ മുട്ടുകുത്തിച്ചത് അവരുടെ സമരബോധമാണ്, ഐക്യമാണ്, അതിനൊപ്പം ഉറച്ചുനിന്ന ഇന്ത്യയിലെ ജനങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് മോദിയെ മുട്ടുകുത്തിച്ചത്', ബിനോയ് വിശ്വം പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ഈ തീരുമാനമെന്നതിന് സംശയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഈ സര്‍ക്കാരിന് വോട്ടും അധികാരവും മാത്രമാണ് ലക്ഷ്യം, അതുകൊണ്ടാണ് ഈ തീരുമാനമെന്നതില്‍ സംശയമില്ല. ഇപ്പോഴത്തെ തീരുമാനത്തില്‍ എന്തെല്ലാം കുരുക്കാണ് ഉള്ളതെന്ന് പറയാന്‍ പറ്റില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

'മോദിസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും അവസാനത്തിന്റെ ആരംഭം'; മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന പാവങ്ങളുടെ വിജയമെന്ന് ബിനോയ് വിശ്വം
സമര വിജയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു; കര്‍ഷകരുടെ വേദന മനസിലാക്കുന്നുവെന്ന് മോദി